തിരുവനന്തപുരം നെയ്യാറ്റിന്‍കര മഞ്ചവിളാകത്ത് വീട്ടുകാരെ കൊലപ്പെടുത്താന്‍ ആസൂത്രിതമായ ശ്രമം നടന്നു. രമ്യ എന്ന സ്ത്രീയും രണ്ട് മക്കളും താമസിക്കുന്ന വീടിന്റെ ഇലക്ട്രിക് മീറ്ററില്‍ നിന്നും വയര്‍ ഘടിപ്പിച്ച്, അത് വീടിന്റെ മുന്‍വശത്തെ വാതിലിലേക്ക് വൈദ്യുതി കടത്തിവിടുകയായിരുന്നു. അങ്ങേയറ്റം അപകടകരമായ ഈ നീക്കം കുടുംബത്തെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആസൂത്രണം ചെയ്തതെന്ന് വ്യക്തമാണ്.
ഇന്ന് രാവിലെ രമ്യയുടെ മൂത്തമകന്‍ അലന്‍ വീടിന്റെ മുന്‍വാതില്‍ തുറക്കാന്‍ ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. വാതിലില്‍ സ്പര്‍ശിച്ച ഉടന്‍ തന്നെ കുട്ടിക്ക് ശക്തമായ ഷോക്കേറ്റു. എങ്കിലും അത്ഭുതകരമായാണ് കുട്ടി രക്ഷപ്പെട്ടത്. തുടര്‍ന്ന് കുട്ടി മറ്റൊരു വാതിലിലൂടെ പുറത്തിറങ്ങി പരിശോധിച്ചപ്പോഴാണ് വൈദ്യുത മീറ്ററില്‍ നിന്നും വാതിലിലേക്ക് വയര്‍ ബന്ധിപ്പിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
സംഭവത്തെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ നടത്തി. നിലവില്‍ ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചുവരികയാണ്. രമ്യ ഏറെക്കാലമായി ഭര്‍ത്താവുമായി അകന്നാണ് കഴിയുന്നത്. ഈ കുടുംബപ്രശ്നങ്ങളാണോ കൊലപാതകശ്രമത്തിന് പിന്നിലെന്ന് പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. പ്രദേശവാസികളെ ഒന്നടങ്കം ഞെട്ടിച്ച സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Photo and News Source: Siraj Live









