ഇന്ത്യൻ വിനോദ വ്യവസായ രംഗത്ത് വമ്പൻ കോർപ്പറേറ്റ് പോരാട്ടത്തിന് കളമൊരുങ്ങുന്നു. റിലയൻസ്-ഡിസ്നി സംയുക്ത സംരംഭമായ ജിയോസ്റ്റാർ, സീ എന്റർടെയ്ൻമെന്റിനെതിരെ നിയമനടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ്. തങ്ങളുടെ ഉടമസ്ഥതയിലുള്ള 12 ബോളിവുഡ് ചിത്രങ്ങൾ അനുമതിയില്ലാതെ സീ എന്റർടെയ്ൻമെന്റ് സംപ്രേഷണം ചെയ്തുവെന്നാണ് ജിയോസ്റ്റാറിന്റെ പ്രധാന ആരോപണം. ഷാരൂഖ് ഖാൻ, ആമിർ ഖാൻ, അമിതാഭ് ബച്ചൻ തുടങ്ങിയ സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
റോയിട്ടേഴ്സ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 20 തവണയോളം ഈ ചിത്രങ്ങൾ അനധികൃതമായി സംപ്രേഷണം ചെയ്തതായി ജിയോസ്റ്റാർ ആരോപിക്കുന്നു. സീ എന്റർടെയ്ൻമെന്റിനെ 'habitual infringer' അഥവാ സ്ഥിരമായി പകർപ്പവകാശ ലംഘനം നടത്തുന്ന സ്ഥാപനം എന്നാണ് ജിയോസ്റ്റാർ വിശേഷിപ്പിച്ചിരിക്കുന്നത്. നിലവിൽ ഡൽഹി ഹൈക്കോടതിയുടെ ലീഗൽ സർവീസസ് കമ്മിറ്റിക്ക് കീഴിൽ മധ്യസ്ഥ ചർച്ചകൾ നടക്കുകയാണ്. ഇത് പരാജയപ്പെട്ടാൽ കേസ് വലിയ നിയമയുദ്ധത്തിലേക്ക് നീങ്ങും.
ഇരു കമ്പനികളും തമ്മിലുള്ള തർക്കം ഇവിടെ അവസാനിക്കുന്നില്ല. കുറച്ചു ദിവസങ്ങൾക്ക് മുൻപ്, ലൈസൻസ് കാലാവധി കഴിഞ്ഞിട്ടും സംഗീത ഉള്ളടക്കങ്ങൾ ഉപയോഗിച്ചുവെന്ന് ആരോപിച്ച് സീ എന്റർടെയ്ൻമെന്റും ജിയോസ്റ്റാറിനെതിരെ കേസ് ഫയൽ ചെയ്തിരുന്നു. ഇതിൽ 30 ലക്ഷം ഡോളറിന്റെ നഷ്ടപരിഹാരമാണ് സീ ആവശ്യപ്പെടുന്നത്. കൂടാതെ, ക്രിക്കറ്റ് സംപ്രേഷണാവകാശവുമായി ബന്ധപ്പെട്ട് ലണ്ടനിൽ വലിയൊരു ആർബിട്രേഷൻ നടപടിയും ഇവർക്കിടയിൽ നടക്കുന്നുണ്ട്. ഏകദേശം 100 കോടി ഡോളറിന്റെ സാമ്പത്തിക തർക്കമാണ് ക്രിക്കറ്റ് കരാറുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നത്.
ഇന്ത്യയിലെ മീഡിയ മേഖല അതിവേഗ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ്. റിലയൻസും ഡിസ്നിയും ചേർന്നുള്ള ജിയോസ്റ്റാറിന്റെ വരവ് വിപണിയിൽ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. സിനിമ, സംഗീതം, കായികം തുടങ്ങി വിനോദ വ്യവസായത്തിന്റെ എല്ലാ മേഖലകളിലും ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ ഇത്തരം നിയമപോരാട്ടങ്ങൾ വരുംകാലങ്ങളിൽ വിപണിയുടെ ഗതിയെത്തന്നെ സ്വാധീനിച്ചേക്കാം.
Photo and News Source: Dhanam







