ദീർഘകാലത്തെ കോമയ്ക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയ ഫ്രാൻസിലെ ലിയോൺ സ്വദേശിനിയായ 19കാരി കെല്ലിയ വേർഡിന്റെ അനുഭവം വൈദ്യശാസ്ത്ര ലോകത്തെയും കുടുംബാംഗങ്ങളെയും ഒരുപോലെ അത്ഭുതപ്പെടുത്തുകയാണ്. മൂന്നാഴ്ച നീണ്ട കോമയ്ക്ക് ശേഷം കണ്ണുതുറന്ന കെല്ലിയ ആദ്യം അന്വേഷിച്ചത് തന്റെ മൂന്ന് പെൺകുട്ടികളെക്കുറിച്ചായിരുന്നു. എന്നാൽ, കെല്ലിയ ഗർഭിണിയാവുകയോ പ്രസവിക്കുകയോ ചെയ്തിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.
അമിതമായി മരുന്ന് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്നാണ് കെല്ലിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആരോഗ്യനില വഷളായതിനെത്തുടർന്ന് കോമയിലാവുകയായിരുന്നു. കോമയിലായിരുന്ന മൂന്നാഴ്ചക്കാലം താൻ ഏഴ് വർഷത്തോളം അമ്മയായി ജീവിച്ചതായാണ് കെല്ലിയ സ്വപ്നം കണ്ടത്. മിലാ, മൈൽസ്, മെയ്‌ലി എന്നിങ്ങനെയായിരുന്നു ആ കുട്ടികളുടെ പേരുകൾ.
താൻ പ്രസവവേദന അനുഭവിച്ചതും, കുട്ടികളെ ആദ്യമായി കൈയിലെടുത്തതും, ജനിച്ച ഉടനെ മെയ്‌ലി എന്ന കുഞ്ഞ് മരിച്ചതിന്റെ ദുഃഖവും തനിക്ക് ഇപ്പോഴും വ്യക്തമായി ഓർമ്മയുണ്ടെന്ന് കെല്ലിയ പറയുന്നു. കോമയിൽ നിന്ന് ഉണർന്ന ശേഷം താൻ കണ്ടത് വെറും സ്വപ്നമാണെന്ന് അറിഞ്ഞത് വലിയ മാനസികാഘാതമാണ് ഉണ്ടാക്കിയതെന്ന് അവർ വെളിപ്പെടുത്തി. കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകുന്നതും കഥ പറഞ്ഞുകൊടുക്കുന്നതുമായ നിമിഷങ്ങൾ ഇപ്പോഴും തന്റെ മനസ്സിലുണ്ടെന്നും, ആ കുട്ടികളെ താൻ ഇപ്പോഴും മിസ് ചെയ്യുന്നുണ്ടെന്നും കെല്ലിയ കൂട്ടിച്ചേർത്തു.
ന്യൂറോളജിസ്റ്റുകളുടെ അഭിപ്രായത്തിൽ, കോമാവസ്ഥയിലുള്ള രോഗികൾക്ക് തികച്ചും യാഥാർത്ഥ്യമെന്ന് തോന്നുന്ന സ്വപ്നങ്ങൾ അനുഭവപ്പെടുന്നത് അപൂർവ്വമല്ല. ചിലർക്ക് വർഷങ്ങളോളം നീണ്ട മറ്റൊരു ജീവിതം നയിച്ചെന്ന അനുഭവം ഉണ്ടാകാറുണ്ട്. എങ്കിലും, കെല്ലിയയുടെ അനുഭവത്തിലെ വികാരതീവ്രത ഏവരെയും അമ്പരപ്പിക്കുകയാണ്.
Photo and News Source: Kerala Kaumudi Latest







