കൊൽക്കത്ത: ബംഗാളിൽ ബി.ജെ.പി. അധികാരത്തിലെത്തിയാൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ക്ഷേമത്തിനായി 10 ഗ്യാരന്റികൾ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഓരോ ബ്ലോക്കിലും വനിതാ പോലീസ് സ്റ്റേഷനുകൾ സ്ഥാപിക്കുകയും വൻതോതിൽ വനിതകളെ പോലീസ് സേനയിലേക്ക് നിയമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൃഷ്ണനഗറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിച്ച മോദി, സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് ഒരു വർഷത്തിനുള്ളിൽ 36,000 രൂപ കൈമാറുമെന്നും പെൺകുട്ടികളുടെ ബിരുദ പഠനത്തിന് 50,000 രൂപ ധനസഹായം നൽകുമെന്നും പറഞ്ഞു.
ഗർഭിണികൾക്ക് 21,000 രൂപയും കുട്ടികളുടെ പോഷകാഹാരത്തിനായി 36,000 രൂപയും നൽകുമെന്നും അദ്ദേഹം അറിയിച്ചു. സുകന്യ സമൃദ്ധി യോജന വഴി പെൺകുട്ടികളുടെ ഭാവി സുരക്ഷിതമാക്കുമെന്നും മുദ്ര പദ്ധതി പ്രകാരം സ്വയം തൊഴിലിനായി 20 ലക്ഷം രൂപവരെ വായ്പ നൽകുമെന്നും മോദി വ്യക്തമാക്കി. ലക്ഷക്കണക്കിന് സ്ത്രീകളെ 'ലക്ഷപതി ദീദി'മാരാക്കി മാറ്റുമെന്നും പി.എം. ആവാസ് യോജനപ്രകാരമുള്ള വീടുകൾ സ്ത്രീകളുടെ പേരിൽ രജിസ്റ്റർ ചെയ്യുമെന്നുമുള്ള വാഗ്ദാനങ്ങളും അദ്ദേഹം ഉയർത്തിക്കാട്ടി.
ആദ്യഘട്ട വോട്ടെടുപ്പിന് മുൻപ് നൽകിയ ആറ് ഗ്യാരന്റികളും അദ്ദേഹം ആവർത്തിച്ചു. തൃണമൂലിന്റെ ഭയത്തിന്റെ ഭരണത്തിന് പകരം വിശ്വാസത്തിന്റെ ഭരണം കൊണ്ടുവരുമെന്നും അഴിമതിയും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും സംബന്ധിച്ച എല്ലാ ഫയലുകളും വീണ്ടും തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയിൽ ഏർപ്പെട്ടവർ ഉന്നതരായാലും ജയിലിലാകുമെന്നും നുഴഞ്ഞുകയറ്റക്കാരെ രാജ്യത്ത് തുടരാൻ അനുവദിക്കില്ലെന്നും മോദി ഉറപ്പിച്ചു. സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും ഏഴാം ശമ്പള കമ്മിഷൻ ഉടൻ നടപ്പിലാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
Photo and News Source: Mathrubhumi



