തിരുവല്ലയിൽ നിയന്ത്രണം വിട്ട ബൈക്ക് പാലത്തിന്റെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. വെൺപാല തൊഴുവത്തുംതറ വീട്ടിൽ ടി.ജി രാജഗോപാലിന്റെയും കുറ്റൂർ പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ സ്മിത രാജഗോപാലിന്റെയും മകൻ ഗോവിന്ദ രാജ് (23) ആണ് അപകടത്തിൽ മരിച്ചത്. വ്യാഴാഴ്ച രാത്രി 11 മണിയോടെ തിരുവല്ല-കായംകുളം സംസ്ഥാന പാതയിലെ കാവുംഭാഗം അമ്പിളി പാലത്തിലായിരുന്നു സംഭവം.
തിരുവല്ല ഭാഗത്തുനിന്നും വരികയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്ന് 15 അടിയോളം ദൂരത്തേക്ക് തെറിച്ചുവീണ ഗോവിന്ദ രാജ് തോട്ടിലെ വെള്ളത്തിൽ മുങ്ങിപ്പോയി. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ തന്നെ പൊലീസിനെയും അഗ്നിരക്ഷാ സേനയെയും വിവരമറിയിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് തോട്ടിലെ വെള്ളത്തിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ ഗോവിന്ദ രാജിനെ കണ്ടെത്തിയത്.
ഉടൻ തന്നെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എടത്വാ പള്ളി പെരുന്നാളിനായി വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു ഗോവിന്ദ രാജ്. കോഴിക്കോട്ടെ സ്വകാര്യ കോളജിൽ എംകോം വിദ്യാർഥിയായിരുന്നു ഇദ്ദേഹം. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Photo and News Source: Media Mangalam










