തൃശൂർ പുതുക്കാട് മണലി മടവാക്കര റോഡിൽ വെച്ച് പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. വഴിയാത്രക്കാരിയായിരുന്ന പെൺകുട്ടിയെ യുവാവ് ബലമായി വായ പൊത്തിപ്പിടിച്ച് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു.

അക്രമിയുടെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ പെൺകുട്ടി ധീരമായി ചെറുത്തുനിന്നു. യുവാവിന്റെ കയ്യിൽ കടിച്ചു കുതറി ഓടിയ പെൺകുട്ടി സമീപത്തെ ചായക്കടയിൽ അഭയം പ്രാപിച്ച് രക്ഷപ്പെട്ടു. ഈ സമയം അതുവഴിയെത്തിയ പാലിയേക്കര സ്വദേശിയായ കുമാർ എന്ന യുവാവ് സംഭവം മനസ്സിലാക്കുകയും, നാട്ടുകാരെ കൂട്ടി അക്രമിയെ പിന്തുടരുകയുമായിരുന്നു.

രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ യുവാവ് മണലി പുഴയിൽ ചാടി. പുഴയിൽ നിന്ന് കയറി സമീപത്തെ പറമ്പിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ഇയാളെ വളഞ്ഞിട്ടു പിടികൂടി. തുടർന്ന് അതുവഴി വന്ന മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർക്ക് കൈമാറിയ പ്രതിയെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. കർണാടക സ്വദേശിയായ ഇയാൾ മാനസികാസ്വാസ്ഥ്യമുള്ളതുപോലെയാണ് പെരുമാറുന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു.

Photo and News Source: Kerala Kaumudi