സ്കൂൾ കാലവും കഴിഞ്ഞ് കോളേജിലെത്തിയിട്ടും തങ്ങളുടെ കുട്ടികൾ ഒരു പ്രണയം തിരഞ്ഞെടുത്തില്ല എങ്കിൽ മാതാപിതാക്കൾക്ക് ആശങ്കയാണ്. ജീവിതത്തിൽ പ്രണയത്തിന് അത്രയേറെ പ്രാധാന്യം അവർ നൽകുന്നുണ്ട്. അമ്മയായിരുന്നു ഞങ്ങളുടെ കുടുംബത്തിലെ കാരണവർ സ്ഥാനം വഹിച്ചിരുന്നത്. അമ്മ പറയുന്നത് എല്ലാവരും അനുസരിച്ചു, അമ്മയെ കേട്ടുവളർന്നു. ഒരു നാട്ടുരാജ്യം സംരക്ഷിക്കുന്ന റാണിയെപ്പോലെ അമ്മ തന്റെ കുടുംബത്തിനുവേണ്ടി ഓരോ ശ്വാസോച്ഛാസംപോലും സമർപ്പിച്ചിരുന്നു.

വിമൻസ് കോളേജിലെ എന്റെ അധ്യാപകർ, എന്റെ അപ്പച്ചി, അയൽപക്കത്തെ അമ്മമാർ, സഹപാഠികളായിരുന്ന പെൺകുട്ടികൾ എന്നിവർ എത്തിച്ചേർന്ന വലിയ സ്ഥാനമാനങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ എനിക്ക് വളരേയധികം അഭിമാനവും തോന്നിയിട്ടുണ്ട്. അമ്മ എന്റെയടുക്കൽ ആദ്യമായി വന്നത് ഓർക്കുകയായിരുന്നു. മുണ്ടും നേര്യതും മാത്രം ഉടുത്തു ശീലിച്ച അമ്മ അതേ വേഷത്തോടെയാണ് വിമാനമിറങ്ങിയത്. ഈ നാടൊക്കെ ഒന്നുകാണാം എന്നു തീരുമാനിച്ചപ്പോൾ അമ്മ ആദ്യം ചെയ്തത് സാരി ഉടുക്കാൻ ശ്രമിക്കുക എന്നതായിരുന്നു. ആദ്യമായിട്ടായിരുന്നു അമ്മ ഒരു കളർസാരി ഉടുക്കുന്നത്. മുണ്ടും നേര്യതും മാത്രം ചുറ്റി ശീലിച്ച അമ്മയ്ക്ക് സാരി അത്ര എളുപ്പം വഴങ്ങിയിരുന്നില്ല.

ഞാൻ സൂക്ഷിച്ച ഒരു ഫോട്ടോയിൽ അമേരിക്കയിലെ പ്രഥമ പ്രസിഡണ്ട് ജോർജ് വാഷിങ്ടണിന്റെ സ്മാരകത്തിനുമുന്നിൽ അമ്മ സാരിയുടുത്ത് നിവർന്നുനിൽക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വസതിക്കുമുന്നിൽ നിൽക്കുന്ന ഭാരതിയമ്മ ഉടുത്തതാവട്ടെ മുണ്ടും നേര്യതും! മുണ്ടും നേര്യതുമുടുത്ത് ജോർജ് വാഷിങ്ടണിന്റെ വസതി സന്ദർശിക്കാൻ അതുവരെ ആരെങ്കിലും തുനിഞ്ഞിരുന്നോ എന്നെനിക്കറിയില്ല. പക്ഷേ, എന്റെ ഭാരതിയമ്മയ്ക്ക് എന്തും ഏതുനാട്ടിലും സാധിക്കുമായിരുന്നു.

എന്നെ സ്വാധീനിച്ച സ്ത്രീകളെക്കുറിച്ചോർക്കുമ്പോൾ അവർ അക്കാലത്തെ പുരുഷന്മാരോട് കിടപിടിച്ചു നേടിയ നേട്ടങ്ങളിൽ മനസ്സാ ഞാനും അഭിമാനിക്കാറുണ്ട്. അവർ ഒരിക്കലും അക്കാലത്തെ സാമൂഹികസ്ഥിതി ബലമായി ആവശ്യപ്പെട്ട പുരുഷ മേൽക്കോയ്മക്കു മുന്നിൽ തങ്ങളുടെ വ്യക്തിത്വമോ പ്രതിഭയോ അടിയറവുവെച്ചില്ല. അവർ വരുംതലമുറയിലെ പെൺകുട്ടികൾക്ക് മികച്ച മാതൃകയായി നിലനിന്നു.

ഈയവസരത്തിൽ അമേരിക്കൻ വൈസ് പ്രസിഡണ്ടും സെനറ്റിന്റെ തലവനുമായിരുന്ന അൽ ഗോറിനെ ഓർക്കുകയാണ്. മീറ്റിങ്ങുകൾ വരുമ്പോൾ അദ്ദേഹത്തെ കാണാനുള്ള സാഹചര്യം ഉണ്ടാവുമായിരുന്നു. ഇന്ത്യയിൽ എവിടെനിന്നാണെന്ന് അദ്ദേഹം അന്വേഷിച്ചു. കേരളത്തിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം കേരളത്തിലെ സ്ത്രീകളെ വളരെയധികം പ്രശംസിച്ചു സംസാരിച്ചു. അൽഗോർ എഴുതിയ 'എർത്ത് ഇൻ ദ ബാലൻസ്' എന്ന പുസ്തകത്തിൽ കേരളത്തിലെ സ്ത്രീകളാണ് സംസ്ഥാനത്തിന് ഇത്രയധികം വളർച്ച കൈവരിക്കാൻ സഹായിച്ചത് എന്ന് നിരീക്ഷിക്കുന്നുണ്ട്. സസ്‌റ്റൈനബിൾ പോപ്പുലേഷൻ ഗ്രോത്തിൽ കേരളമാണ് പ്രീമിയർ ഗ്ലോബൽ മോഡൽ എന്നാണ് അൽഗോർ സ്ഥാപിക്കുന്നത്. നമ്മുടെ ഇൻഫന്റ് മോർട്ടാലിറ്റി റേറ്റ് ലോകത്തിനുതന്നെ മാതൃകയാണെന്ന് അൽഗോർ എഴുതുന്നുണ്ട്.

നമ്മുടെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ വിജയത്തെക്കുറിച്ചും അൽഗോർ വിശദമായ പഠനം നടത്തുന്നുണ്ട് പുസ്തകത്തിൽ. കേരളത്തിലെ സ്ത്രീകൾ നേടിയ വിജയങ്ങൾ അത്ര എളുപ്പമുള്ളതാവാൻ വഴിയില്ല. കുടുംബാന്തരീക്ഷവും സാമ്പത്തികസ്ഥിതിയും ബന്ധുക്കളുടെ നിരുത്സാഹപ്പെടുത്തലുകളും സമൂഹത്തിന്റെ കണ്ണേറുകളുമെല്ലാം തരണം ചെയ്തിട്ടായിരിക്കാം തങ്ങളുടേതായ ഇരിപ്പിടം അവർ ജീവിതത്തിൽ നിലനിർത്തിയത്. എന്റെ അമ്മയുടെ സമപ്രായത്തിലുള്ള മിക്ക അമ്മമാരും പോകുന്നിടത്തെല്ലാം വീടും ചുമന്ന് നടന്നവരായിരുന്നു. വെളുപ്പിന് എഴുന്നേൽക്കുന്നത് മാത്രം ഓർമയുണ്ടാകും. പി

Photo and News Source: Mathrubhumi