ശരീരഭാരം കുറയ്ക്കാൻ ശ്രമിച്ചാലും പലർക്കും കുടവയർ കുറയ്ക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്. വയറിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ആരോഗ്യത്തിന് ഒട്ടും നല്ലതല്ലെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നാം നിത്യജീവിതത്തിൽ സാധാരണമായി കരുതുന്ന ചില ശീലങ്ങളാണ് ഇതിന് പ്രധാന കാരണം. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് തെറ്റായ ഭക്ഷണക്രമമാണ്. രാവിലെ ബ്രെഡ്, ഉച്ചയ്ക്ക് ചോറ്, രാത്രി ചപ്പാത്തി എന്നിങ്ങനെ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ മാത്രം കഴിക്കുന്നത് ശരീരത്തിൽ ഗ്ലൂക്കോസിന്റെ അളവ് വർധിപ്പിക്കുന്നു. ഈ ഊർജം ശരിയായി വിനിയോഗിക്കപ്പെട്ടില്ലെങ്കിൽ അത് കൊഴുപ്പായി മാറി വയറിൽ സംഭരിക്കപ്പെടുന്നു.

മാനസിക സമ്മർദവും ഉറക്കക്കുറവും വയറിലെ കൊഴുപ്പ് വർധിപ്പിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. സമ്മർദം കൂടുമ്പോൾ ശരീരത്തിൽ കോർട്ടിസോൾ ഹോർമോണിന്റെ അളവ് വർധിക്കുകയും, ഇത് വയറിന് ചുറ്റും കൊഴുപ്പ് അടിയാൻ കാരണമാവുകയും ചെയ്യുന്നു. അതിനാൽ, ആരോഗ്യകരമായ ഭക്ഷണം കഴിച്ചാലും കൃത്യമായ ഉറക്കവും മാനസിക ശാന്തതയും ഇല്ലെങ്കിൽ വയറിലെ കൊഴുപ്പ് കുറയില്ല.

വ്യായാമത്തിന്റെ കാര്യത്തിലും ശ്രദ്ധ വേണം. വെറുതെ സാവധാനം നടക്കുന്നത് കൊണ്ട് മാത്രം വയറിലെ കൊഴുപ്പ് കുറയില്ല. ദിവസവും കുറഞ്ഞത് 40 മിനിറ്റെങ്കിലും ഹൃദയമിടിപ്പ് വർധിപ്പിക്കുന്ന കാർഡിയോ വ്യായാമങ്ങളായ ജോഗിങ്, സൈക്ലിങ്, വേഗത്തിലുള്ള നടത്തം എന്നിവ ശീലമാക്കണം. ശരീരം നന്നായി വിയർക്കുന്ന തരത്തിലുള്ള ചലനങ്ങൾ ഉണ്ടെങ്കിൽ മാത്രമേ കൊഴുപ്പ് എരിച്ചുകളയാൻ സാധിക്കൂ.

സംസ്കരിച്ച ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് ദഹനത്തെ മന്ദഗതിയിലാക്കുകയും ഭക്ഷണത്തോടുള്ള ആസക്തി വർധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, പാൽ, പനീർ, തൈര് തുടങ്ങിയ പാൽ ഉത്പ്പന്നങ്ങളുടെ അമിത ഉപയോഗം കുറയ്ക്കണമെന്നും വിദഗ്ധർ നിർദേശിക്കുന്നു. ഇവയ്ക്ക് പകരം പഴങ്ങൾ, പച്ചക്കറികൾ, നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.

Photo and News Source: Samakalika Malayalam