തിരുവനന്തപുരം: കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. വ്യാഴാഴ്ച ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചതിന് പിന്നാലെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രം അധികൃതര്‍ അദ്ദേഹത്തെ സ്വീകരിച്ചു. തിങ്കളാഴ്ചയാണ് വിഡി സതീശന്റെയും മന്ത്രിസഭാംഗങ്ങളുടെയും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക.
ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം, അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തിരുവനന്തപുരത്തെ വസതിയിലും വിഡി സതീശന്‍ എത്തി. ചാണ്ടി ഉമ്മനും മറിയമ്മ ഉമ്മനും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. കേരളത്തെ നയിക്കാന്‍ ഏറ്റവും യോഗ്യനായ നേതാവാണ് വിഡി സതീശനെന്നും, പിതാവിനെപ്പോലെ തന്നെ അദ്ദേഹം കേരളത്തെ മുന്നോട്ട് നയിക്കുമെന്നും ചാണ്ടി ഉമ്മന്‍ അഭിപ്രായപ്പെട്ടു.
തന്റെ രാഷ്ട്രീയ ജീവിതത്തിലെ സുവര്‍ണകാലം 2006 മുതല്‍ 2011 വരെയുള്ള കാലഘട്ടമാണെന്ന് വിഡി സതീശന്‍ അനുസ്മരിച്ചു. ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവായിരുന്ന ആ കാലയളവില്‍ തനിക്ക് ലഭിച്ച അവസരങ്ങള്‍ മറ്റാര്‍ക്കും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അംഗമാകാന്‍ കഴിയാത്തത് വലിയൊരു നഷ്ടമായി കരുതുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലിയാണ് തനിക്ക് എന്നും വഴികാട്ടിയെന്നും സതീശന്‍ വ്യക്തമാക്കി.
മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ടെന്നും, അദ്ദേഹം തിരക്കിലായതിനാല്‍ ഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചില്ലെന്നും സതീശന്‍ അറിയിച്ചു. സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദേശീയ നേതൃത്വമാണ് തീരുമാനിക്കുന്നത്. തിങ്കളാഴ്ച മുഴുവന്‍ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുന്നത് പ്രായോഗികമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Photo and News Source: Samakalika Malayalam









