ശ്രീലങ്കയിൽ നടക്കാനിരിക്കുന്ന ഏകദിന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യ 'എ' ടീമിനെ പ്രഖ്യാപിച്ചു. ടീമിലെ ഏറ്റവും വലിയ പ്രത്യേകത 15 വയസ്സുകാരനായ യുവതാരം വൈഭവ് സൂര്യവംശിയുടെ സാന്നിധ്യമാണ്. ലിസ്റ്റ്-എ ക്രിക്കറ്റിൽ ആദ്യമായാണ് വൈഭവ് ഇന്ത്യ 'എ' ടീമിനായി കളിക്കാൻ ഒരുങ്ങുന്നത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് താരത്തെ ദേശീയ ശ്രദ്ധയിലേക്ക് വീണ്ടും എത്തിച്ചത്.
തിലക് വർമ്മയാണ് ടീമിനെ നയിക്കുന്നത്. രാജസ്ഥാൻ റോയൽസ് താരം റിയാൻ പരാഗ് ഉപനായകനായി ടീമിൽ ഇടംപിടിച്ചു. ആതിഥേയരായ ശ്രീലങ്ക 'എ', അഫ്ഗാനിസ്ഥാൻ 'എ' ടീമുകളാണ് പരമ്പരയിലെ മറ്റ് പങ്കാളികൾ. ദക്ഷിണാഫ്രിക്ക 'എ' ടീമിനെതിരായ പരമ്പരയിലും എമർജിംഗ് ഏഷ്യാ കപ്പിലും മികച്ച രീതിയിൽ ടീമിനെ നയിച്ച തിലക് വർമ്മയിൽ സെലക്ടർമാർ വീണ്ടും വിശ്വാസമർപ്പിക്കുകയായിരുന്നു.
ബൗളിംഗ് നിരയിൽ ഭാവിയിലെ ഇന്ത്യൻ സീനിയർ ടീമിനെ ലക്ഷ്യമിട്ട് നാല് യുവ പേസർമാരെ ഉൾപ്പെടുത്തിയിട്ടുണ്ട്. അൻഷുൽ കംബോജ്, അർഷാദ് ഖാൻ, യുധ്വീർ സിംഗ്, യാഷ് താക്കൂർ എന്നിവരാണ് ഇന്ത്യൻ ബൗളിംഗിന് ചുക്കാൻ പിടിക്കുന്നത്. ജൂൺ 9-ന് ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തോടെയാണ് ഇന്ത്യയുടെ പരമ്പര ആരംഭിക്കുന്നത്. ദാംബുള്ള അന്താരാഷ്ട്ര സ്റ്റേഡിയമാണ് എല്ലാ മത്സരങ്ങൾക്കും വേദിയാകുന്നത്. ജൂൺ 21-നാണ് പരമ്പരയിലെ ഫൈനൽ മത്സരം നടക്കുക.
ഇന്ത്യ 'എ' ടീം: തിലക് വർമ്മ (ക്യാപ്റ്റൻ), പ്രിയാൻഷ് ആര്യ, വൈഭവ് സൂര്യവംശി, റിയാൻ പരാഗ് (വൈസ് ക്യാപ്റ്റൻ), ആയുഷ് ബഡോണി, നിഷാന്ത് സിന്ധു, ഹർഷ് ദുബെ, സൂര്യൻഷ് ഷെഡ്‌ഗെ, പ്രഭ്‌സിമ്രാൻ സിംഗ് (വിക്കറ്റ് കീപ്പർ), കുമാർ കുശാഗ്ര (വിക്കറ്റ് കീപ്പർ), നിതിൻ കുമാർ, യാഷ് താക്കൂർ, യുധ്വീർ സിംഗ്, അൻഷുൽ കാംബോജ്, അർഷാദ് ഖാൻ.
Photo and News Source: Suprabhaatham







