മൂലമറ്റത്ത് ആടിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ യുവാവ് തിരിച്ചുകയറാനാകാതെ കുടുങ്ങി. കോളപ്ര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് എതിർവശം അടൂർമലയിലാണ് സംഭവം നടന്നത്. ഗീത രാജൻ എന്ന വീട്ടമ്മയുടെ ആട് തീറ്റതേടി നടക്കുന്നതിനിടയിൽ സമീപവാസിയായ സുരേഷിന്റെ കിണറ്റിൽ വീഴുകയായിരുന്നു. ഏകദേശം മുപ്പത് അടിയോളം ആഴമുള്ള കിണറ്റിൽ പത്തടിയോളം വെള്ളവുമുണ്ടായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ, സമീപത്ത് ഗൃഹനിർമ്മാണ ജോലിക്കെത്തിയ തൊടുപുഴ തെക്കുംഭാഗം സ്വദേശി ഷിബിൻ തങ്കച്ചൻ ആടിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങി. ഗോവണി കയറിൽ കെട്ടി കിണറ്റിലിറങ്ങിയ ഷിബിൻ ആടിനെ പിടിച്ചുനിർത്തിയെങ്കിലും, പിന്നീട് തിരികെ കയറാൻ കഴിയാത്ത അവസ്ഥയിലായി. തുടർന്ന് സമീപവാസിയായ ഓട്ടോ ഡ്രൈവർ സന്തോഷ് വിവരം അഗ്നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ ഉടൻ തന്നെ മൂലമറ്റത്ത് നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തി. സേനാംഗങ്ങൾ റെസ്ക്യു നെറ്റ് ഉപയോഗിച്ച് ഷിബിനെയും ആടിനെയും സുരക്ഷിതമായി കരയിൽ എത്തിച്ചു. സേനയുടെ കൃത്യസമയത്തുള്ള ഇടപെടൽ വലിയൊരു അപകടം ഒഴിവാക്കി. സംഭവത്തിൽ ആർക്കും പരിക്കുകളില്ല.
രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ അഗ്നിരക്ഷാസേന സംഘത്തിൽ ബിബിൻ എ തങ്കപ്പൻ, അജയകുമാർ സി.സി, ഷിന്റോ ജോസ്, പ്രവീൺ കെ.പി, കെ. പ്രശാന്ത്, എ. അഫ്സൽ ഖാൻ, ഡി. റോയിമോൻ എന്നിവർ പങ്കെടുത്തു.
Photo and News Source: Kerala Kaumudi







