ഐഐടി ഖരഗ്‌പൂരിലെ പ്രൊഫസർ അരവിന്ദ റൗത്രേ തന്റെ പിറന്നാളാഘോഷത്തിനായി വിദ്യാർത്ഥികളെ ക്ഷണിച്ച് സ്നേഹപൂർവ്വം ഭക്ഷണം വിളമ്പിക്കൊടുക്കുകയുണ്ടായി. ഇൻസ്റ്റഗ്രാമിൽ @unseen_iit അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോ വൈറലായി. വീഡിയോയിൽ പ്രൊഫസർ കേക്ക് മുറിക്കുന്നതും വിദ്യാർത്ഥികൾ കയ്യടിക്കുന്നതുമാണ് ആദ്യം കാണുന്നത്. തുടർന്ന് ഗാർഡനിൽ വലിയൊരു വിരുന്ന് സംഘടിപ്പിച്ചിരുന്നു. പാസ്ത, ഐസ്ക്രീം, ചോറ്, പൂരി, കറികൾ, ദാൽ എന്നിങ്ങനെ നിരവധി വിഭവങ്ങളായിരുന്നു ഒരുക്കിയിരുന്നത്.
വിദ്യാർത്ഥികൾക്ക് ഭക്ഷണം വിളമ്പിക്കൊടുക്കാൻ മാത്രമല്ല, സ്പൂണുകളും മറ്റും നൽകാനും പ്രൊഫസർ മുന്നിൽ നിന്നു. ഈ വീഡിയോ ഒരു ലക്ഷത്തിലധികം പേരാണ് കണ്ടത്. ഒരാൾ ‘ഞാൻ തെറ്റായ ഡിപ്പാർട്ട്‌മെന്റിലാണ് എത്തിയത്’ എന്ന് കുറിച്ചു. മറ്റൊരാൾ ‘അദ്ദേഹത്തിന് കീഴിൽ ഇന്റേൺഷിപ്പ് ചെയ്തിട്ടുണ്ട്, വളരെ സൗഹൃദപരമായി പെരുമാറുന്ന വ്യക്തിയാണ്’ എന്ന് അഭിപ്രായപ്പെട്ടു. കോളേജുകളിൽ ടീച്ചേഴ്സ് ഡേ പോലും ഇങ്ങനെയൊന്നും നടക്കാറില്ല എന്നും ആളുകൾ അഭിപ്രായപ്പെട്ടു.
Photo and News Source: Janam TV



