തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് പത്താം നാളില്‍ വി.ഡി. സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു. നീണ്ട ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ശേഷമാണ് ഈ തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തിയത്. ഇനി കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നിലുള്ള പ്രധാന കടമ്പ മന്ത്രിസഭാ രൂപീകരണമാണ്. സാമുദായിക സമവാക്യങ്ങള്‍, യുവജന പ്രാതിനിധ്യം, വനിതാ പങ്കാളിത്തം, പരിചയസമ്പന്നരായ നേതാക്കളുടെ സാന്നിധ്യം എന്നിവ ഉറപ്പാക്കി വേണം മന്ത്രിസഭ രൂപീകരിക്കാന്‍. തിങ്കളാഴ്ചയോടെ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.

മന്ത്രിസഭാ രൂപീകരണത്തിലെ ഏറ്റവും വലിയ വെല്ലുവിളി മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കുക എന്നതാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ അദ്ദേഹം കടുത്ത അതൃപ്തിയിലാണ്. അച്ചടക്കത്തോടെ പ്രവര്‍ത്തിച്ചിട്ടും തഴയപ്പെട്ടുവെന്ന വികാരം അദ്ദേഹം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. മന്ത്രിസഭയിലേക്ക് ഇല്ലെന്ന നിലപാടിലാണ് ചെന്നിത്തല. സ്പീക്കര്‍ പദവി വാഗ്ദാനം ചെയ്തേക്കുമെങ്കിലും അത് സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ന് നടന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്നും രമേശ് ചെന്നിത്തല വിട്ടുനിന്നത് നേതൃത്വത്തിന് ആശങ്കയായിട്ടുണ്ട്. മുഖ്യമന്ത്രി പ്രഖ്യാപനത്തിലുണ്ടായ കാലതാമസവും തര്‍ക്കങ്ങളും മന്ത്രിസഭാ രൂപീകരണത്തിലും ആവര്‍ത്തിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ചെന്നിത്തലയെ തൃപ്തിപ്പെടുത്താന്‍ എന്ത് പദവി നല്‍കുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

Photo and News Source: Kerala Kaumudi Latest