രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വീണ്ടും ലോക്ഡൗൺ വരുമോ, വീടിനുള്ളിൽ ഒതുങ്ങേണ്ടി വരുമോ തുടങ്ങിയ ആശങ്കകൾ ജനങ്ങൾക്കിടയിൽ ശക്തമാണ്. വർക്ക് ഫ്രം ഹോം രീതി പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ചത് ഈ സാഹചര്യത്തിലാണ്. എന്നാൽ, ഇതൊരു മഹാമാരിയെ ഭയന്നല്ല, മറിച്ച് രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. പാൽ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വില ഇതിനകം വർധിപ്പിച്ചു കഴിഞ്ഞു. പെട്രോൾ, ഡീസൽ വിലകൾ ഏതു നിമിഷവും വർധിക്കാമെന്ന അവസ്ഥയാണ്. പശ്ചിമേഷ്യൻ യുദ്ധം മുൻകൂട്ടി കാണുന്നതിലും അതിനനുസരിച്ചുള്ള മുൻകരുതലുകൾ എടുക്കുന്നതിലും കേന്ദ്ര സർക്കാർ പരാജയപ്പെട്ടതാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണമെന്നാണ് വിമർശനം.
ഇന്ധനക്ഷാമവും പാചകവാതക പ്രതിസന്ധിയും രാജ്യത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ എണ്ണ ആവശ്യത്തിന്റെ 90 ശതമാനവും ഇറക്കുമതിയെ ആശ്രയിച്ചാണ് കഴിയുന്നത്. ബ്രെന്റ് ക്രൂഡ് ഓയിൽ വില 100 ഡോളറിന് മുകളിലേക്ക് ഉയർന്നത് സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയായി. ജിഡിപി വളർച്ചാ നിരക്ക് കുറയുമെന്നും പണപ്പെരുപ്പം വർധിക്കുമെന്നും വിവിധ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു.
പണപ്പെരുപ്പം നിയന്ത്രിക്കാൻ പഞ്ചസാര കയറ്റുമതി നിരോധിക്കുകയും സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ വർധിപ്പിക്കുകയും ചെയ്തത് സർക്കാരിന്റെ ആശങ്ക വ്യക്തമാക്കുന്നു. എന്നാൽ, വർക്ക് ഫ്രം ഹോം പോലുള്ള നടപടികൾ സാമ്പത്തിക പ്രതിസന്ധിക്ക് ശാശ്വത പരിഹാരമല്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം തീരുമാനങ്ങൾ ഹോട്ടലുകൾ ഉൾപ്പെടെയുള്ള മറ്റ് അനുബന്ധ മേഖലകളെ ദോഷകരമായി ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
Photo and News Source: Kairali News









