തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് അഴൂരിലാണ് ദിലീപ്-അനു ദമ്പതികളുടെ എട്ടുവയസ്സുകാരൻ മകൻ ദിക്ഷൽ ഉറങ്ങുന്നതിനിടെ പാമ്പ് കടിയേറ്റ് മരിച്ചത്. രാവിലെ നാലുമണിയോടെ കുട്ടിക്ക് പാമ്പുകടിയേറ്റതായി കുടുംബം അറിഞ്ഞു. ഉടനെ ചിറയിൻകീഴ് ആശുപത്രിയിലേക്ക് കൊണ്ടുപോയി പ്രാഥമിക ചികിത്സ നൽകി. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൂര്‍ഖൻ പാമ്പാണ് കടിച്ചതെന്ന് തിരിച്ചറിഞ്ഞു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. കുട്ടി കിടന്ന മുറിയിൽ നടത്തിയ പരിശോധനയിൽ മൂര്‍ഖൻ പാമ്പിനെ കണ്ടെത്തി. കഴിഞ്ഞ ദിവസം തൃശ്ശൂർ കോടാലി സ്വദേശിയായ വിദ്യാർത്ഥി പാമ്പുകടിയേറ്റ് മരിച്ചിരുന്നു. ആല്‍ജോയാണ് ശംഖുവരയൻ പാമ്പിന്റെ കടിയേറ്റ് മരിച്ചത്. അനോജിനെയും പാമ്പ് കടിച്ചിരുന്നു. രണ്ട് കുട്ടികളുടെയും വായിൽ നിന്ന് നുരയും പതവും വന്നിരുന്നു. പിതാവ് രണ്ടുപേരെയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആല്‍ജോ മരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പാമ്പുകടിയാണെന്ന് സ്ഥിരീകരിച്ചു. വീട്ടിൽ നടത്തിയ പരിശോധനയിൽ മുറിയിൽ നിന്ന് ഹാളിലേക്ക് പാമ്പ് ഇഴഞ്ഞു വരുന്നതായി കണ്ടു.
Photo and News Source: Siraj Live



