മുക്കുപണ്ടം സ്വർണ്ണമെന്ന വ്യാജേന പണയം വെച്ച് 30 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അമ്മയും മകനും അറസ്റ്റിലായി. മുതുകുളം റാണിഭവനിൽ താമസിക്കുന്ന രാജേശ്വരി (50), മകൻ അനീഷ് ബി. ബാബു (19) എന്നിവരെയാണ് നൂറനാട് പോലീസ് പിടികൂടിയത്. കേസിലെ മൂന്നാം പ്രതിയായ രാജേശ്വരിയുടെ ഭർത്താവ് ഹരി (38) ഒളിവിലാണ്.
നൂറനാട് ഇടക്കുന്നം മുറിയിൽ പ്രവർത്തിക്കുന്ന കലതിവിള ഫൈനാൻസിയേഴ്‌സ് ഉടമ ബാബു നൽകിയ പരാതിയിലാണ് നടപടി. ചൊവ്വാഴ്ച രാവിലെ 16.100 ഗ്രാം തൂക്കമുള്ള രണ്ട് വളകൾ പണയം വെച്ച് അനീഷ് 1,40,000 രൂപ കൈപ്പറ്റിയിരുന്നു. ഈ വളകൾ കെ.എസ്.എഫ്.ഇയിൽ പണയം വെക്കാൻ ബാബു പരിശോധിച്ചപ്പോഴാണ് അവ മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്.
തുടർന്ന് നടത്തിയ പരിശോധനയിൽ, കഴിഞ്ഞ ഫെബ്രുവരി മുതൽ പ്രതികൾ പലതവണയായി ഇതേ സ്ഥാപനത്തിൽ പണയം വെച്ച സ്വർണ്ണാഭരണങ്ങൾ വ്യാജമാണെന്ന് തെളിഞ്ഞു. ഇത്തരത്തിൽ 30 ലക്ഷത്തോളം രൂപയാണ് ഇവർ തട്ടിയെടുത്തത്. പ്രതികളെ മാവേലിക്കര കോടതിയിൽ ഹാജരാക്കി. നൂറനാട് എസ്.ഐ എസ്. മിഥുന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Photo and News Source: Kerala Kaumudi Latest









