കൊച്ചി: കൽപ്പാക്കം ആണവ നിലയത്തിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി മലയാളിയായ പി.എ. സുരേഷ് ബാബു ചുമതലയേറ്റു. തൃശൂരിൽ ജനിച്ച അദ്ദേഹം, ആണവോർജ്ജ വകുപ്പിലെ ശാസ്ത്രജ്ഞനാണ്. NPCIL-ന്റെ ഡയറക്ടർ (HR) ആയി പ്രവർത്തിച്ചിട്ടുള്ള സുരേഷ് ബാബു, 37 വർഷത്തിലേറെ ആണവോർജ്ജ മേഖലയിൽ പ്രവർത്തിച്ചിട്ടുണ്ട്. രാജ്യത്തെ പ്രഷറൈസ്ഡ് ഹെവി വാട്ടർ റിയാക്ടറുകളുടെയും പ്രഷറൈസ്ഡ് വാട്ടർ റിയാക്ടറുകളുടെയും വികസനത്തിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

1988-ൽ തൃശൂർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബി.ടെക് പൂർത്തിയാക്കി. 1989-ൽ ബാർക്ക് (BARC) ട്രെയിനിംഗ് സ്‌കൂളിൽ നിന്ന് ആണവോർജ്ജത്തിൽ പരിശീലനം നേടി. തുടർന്ന്, മദ്രാസ് അറ്റോമിക് പവർ സ്റ്റേഷനിൽ 14 വർഷം വിവിധ പദവികളിൽ സേവനമനുഷ്ഠിച്ചു. പിന്നീട്, കൂടംകുളം ആണവനിലയത്തിൽ സ്റ്റേഷൻ ഡയറക്ടർ ഉൾപ്പെടെ പ്രധാന പദവികൾ വഹിച്ചു. 2022 ഫെബ്രുവരിയിൽ NPCIL ഡയറക്ടറായി നിയമിതനായി. മൂന്ന് വർഷത്തേക്കാണ് ഭാരതീയ നാഭികീയ വിദ്യുത് നിഗം (ഭാവിനി) ലിമിറ്റഡിന്റെ സിഎംഡിയായി സുരേഷ് ബാബുവിന്റെ നിയമനം.

Photo and News Source: Samakalika Malayalam