ലഖ്‌നൗ: ഉത്തർപ്രദേശിൽ 24 മണിക്കൂറിനുള്ളിൽ മൂന്നു പേരെ വെടിവച്ചു കൊലപ്പെടുത്തിയ മുൻ സൈനികൻ ഗുർപ്രീത് സിങ് (45) പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. തെളിവെടുപ്പിനിടെ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. കൊലപാതകങ്ങൾ നടത്തിയ ഗുർപ്രീത് സിങ്, 2021-ൽ സൈന്യത്തിൽ നിന്ന് വിരമിച്ചയാളായിരുന്നു.

തിങ്കളാഴ്ച രാത്രി കുച്ഛ്മാൻ റെയിൽവേ സ്റ്റേഷനിൽ തെളിവെടുപ്പിനായി എത്തിയ ഗുർപ്രീത് സിങ്, പോലീസുകാരന്റെ തോക്ക് തട്ടിപ്പറിച്ച് വെടിയുതിർക്കുകയായിരുന്നു. തുടർന്നുണ്ടായ പ്രത്യാക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഏറ്റുമുട്ടലിൽ രണ്ട് പോലീസുകാർക്കും പരുക്കേറ്റിട്ടുണ്ട്.

ഞായർ, തിങ്കൾ ദിവസങ്ങളിലായാണ് ഗുർപ്രീത് സിങ് മൂന്നു പേരെ കൊലപ്പെടുത്തിയത്. ആദ്യം താരിഘട്ട് പാസഞ്ചർ ട്രെയിനിൽ സഹയാത്രികനായ മംഗ്രു (34) എന്നയാളെ വെടിവച്ചു കൊലപ്പെടുത്തി. ശേഷം മൃതദേഹം ട്രെയിനിൽ നിന്ന് പുറത്തേക്ക് തള്ളുകയായിരുന്നു. തുടർന്ന് കൊൽക്കത്ത-ജമ്മുതാവി എക്സ്പ്രസിൽ കയറിപ്പറ്റിയ പ്രതി, ദിനേശ് ഷാ (42) എന്നയാളെ ട്രെയിനിലെ ശൗചാലയത്തിന് സമീപം വെടിവച്ചു കൊലപ്പെടുത്തി.

ട്രെയിനിൽ നിന്ന് രക്ഷപ്പെട്ട പ്രതി, ചന്ദൗലിയിലെ സ്വകാര്യ ആശുപത്രിയിൽ വ്യാജപ്പേരിൽ ചികിത്സ തേടിയെത്തി. തുടർന്ന് വാർഡിൽ ചികിത്സയിലായിരുന്ന ലക്ഷ്മിണ (55) എന്ന സ്ത്രീയെയും വെടിവച്ചു കൊലപ്പെടുത്തി. ആശുപത്രിയിൽ വച്ച് സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം തോക്കുചൂണ്ടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഒരു ഓട്ടോ ഡ്രൈവർ സാഹസികമായി കീഴ്‌പ്പെടുത്തി പോലീസിൽ ഏൽപ്പിച്ചു.

ഗുർപ്രീത് സിങ് അമിതമായ മദ്യപാനത്തെ തുടർന്ന് മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്നു. 2021-ൽ സൈന്യത്തിൽ നിന്ന് വിരമിച്ച ഇയാളുടെ കൊലപാതകങ്ങൾക്ക് പ്രത്യേക ലക്ഷ്യങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് വാരണാസി റേഞ്ച് ഡിഐജി വൈഭവ് കൃഷ്ണ വ്യക്തമാക്കി. കഴിഞ്ഞ ഏപ്രിൽ 29-നാണ് ഇയാൾ പഞ്ചാബിലെ വീട്ടിൽ നിന്ന് ഇറങ്ങിയത്. ബിഹാറിൽ സുരക്ഷാ ജീവനക്കാരനായി ജോലിക്ക് ശ്രമിച്ചെങ്കിലും അത് ലഭിക്കാത്തതിനെ തുടർന്നുണ്ടായ നിരാശയും മാനസിക പ്രശ്നങ്ങളുമാണ് ക്രൂരകൃത്യങ്ങളിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Photo and News Source: Suprabhaatham