എംജി മോട്ടോർ ഇന്ത്യ പുതിയ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയായ മജസ്റ്ററിന്റെ വില പ്രഖ്യാപനം ഏപ്രിൽ 27-ന് നടത്തുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഗ്ലോസ്റ്ററിന്റെ സ്ഥാനത്ത് വരുന്ന ഈ ഡി-സെഗ്മെന്റ് എസ്‌യുവി ആഡംബരവും ശക്തിയും ഒത്തിണങ്ങിയ രൂപകല്പനയോടെ എത്തുന്നു.

ഷാര്പ്, സാവി എന്നീ രണ്ട് വേരിയന്റുകളിലാണ് മജസ്റ്റർ വിപണിയിലെത്തുന്നത്. 40 ലക്ഷം മുതൽ 45 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്ന എക്സ്-ഷോറൂം വില. ടൊയോട്ട ഫോർച്യൂണർ, സ്കോഡ കൊഡിയാക് തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കാൻ മജസ്റ്റർ തയ്യാറാണ്.

ഗ്ലോസ്റ്ററിലെ 2.0-ലിറ്റർ ട്വിൻ-ടർബോ ഡീസൽ എഞ്ചിനാണ് മജസ്റ്ററിലും. ഇത് 215 ഹോഴ്സ്പവറും 478.5 എൻഎം ടോർക്കും നൽകുന്നു. 8 സ്പീഡ് ടോർക്വ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഇത് സംയോജിപ്പിച്ചിരിക്കുന്നു. ഓഫ്-റോഡ് പ്രേമികൾക്കായി അത്യാധുനിക 4WD സംവിധാനവും ലഭ്യമാണ്. സ്നോ, റോക്ക്, സാൻഡ്, മഡ് തുടങ്ങിയ ടെറൈനുകളിൽ ഓടാൻ കഴിയുന്ന മോഡുകളും ഉൾപ്പെടുന്നു.

ലോ-റേഞ്ച് മോഡും ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്കുകളും കൂടെ ലഭിക്കുന്നതിനാൽ ഏത് ദുഷ്കരമായ പാതയിലും ആത്മവിശ്വാസത്തോടെ ഓടാൻ കഴിയും. വലിയ ഗ്ലോസ്-ബ്ലാക്ക് ഗ്രില്ലും, വെർട്ടിക്കലി സ്റ്റാക്കഡ് എൽഇഡി ഹെഡ്ലൈറ്റുകളും 19-ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകളുമാണ് മജസ്റ്ററിന്റെ പ്രത്യേകതകൾ.

Photo and News Source: DriveSpark