കണ്ണൂരിലെ അഞ്ചരക്കണ്ടിയിലെ കണ്ണൂർ ഡെന്റൽ കോളേജിലേക്ക് ഇന്ത്യൻ യൂണിയൻ ദളിത് ലീഗ് സംഘടിപ്പിച്ച ജനകീയ മാർച്ച് ‘കൂലിപ്പോലീസുകാർ’ അമർച്ചചെയ്യാൻ ശ്രമിച്ചത് വിവാദമായി മാറിയിരിക്കുന്നു.
മാനേജ്മെന്റ് വിലക്കെടുത്ത ബൗൺസർമാർ പോലീസ് നോക്കിനിൽക്കെ ബലപ്രയോഗിച്ച് സമരക്കാരെ തടഞ്ഞ സംഭവം സംഘർഷത്തിൽ കലാശിച്ചു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ നടന്ന സംഭവത്തിൽ ബൗൺസർമാരെ അറസ്റ്റ് ചെയ്യണമെന്ന് സമരക്കാർ ആവശ്യപ്പെട്ടെങ്കിലും പോലീസ് ചെവിക്കൊണ്ടില്ല.
നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം എന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്. കോളേജ് കവാടത്തിനടുത്തുവെച്ചാണ് ബൗൺസർമാർ പോലീസിനൊപ്പം ചേർന്ന് സമരക്കാരെ തടഞ്ഞത്. പ്രവർത്തകർ ബൗൺസർമാരെ ചോദ്യംചെയ്തപ്പോൾ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി.
കൈയാങ്കളിയിലെത്തിയപ്പോഴാണ് പോലീസ് ഇടപെട്ടത്. സ്വകാര്യ ഏജൻസിയിൽ നിന്നുള്ള ബൗൺസർമാരെ കോളേജ് സുരക്ഷാവിഭാഗം ഒരുദിവസത്തേക്ക് നിയോഗിച്ചിരുന്നു. ബുധനാഴ്ച നടന്ന യൂത്ത് കോൺഗ്രസ് മാർച്ച് നേരിടാൻ ബൗൺസർമാരുടെ സാന്നിധ്യമുണ്ടായില്ല. സമരം തീരുന്നതുവരെ അവർക്കെതിരേ മുദ്രാവാക്യമുണ്ടായി.
Photo and News Source: Mathrubhumi



