ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ 234 സീറ്റുകളിലേക്കുള്ള പോളിങ് ബൂത്തിലേക്ക് 5,73,43,000 വോട്ടർമാർ ഇന്ന് എത്തുമെന്ന് കണക്കാക്കുന്നു. 38 ദിവസത്തെ കടുത്ത പ്രചാരണത്തിനുശേഷം നടക്കുന്ന ഈ തിരഞ്ഞെടുപ്പിൽ ഓരോ വോട്ടും നിർണായകമാണ്.
ഭരണത്തുടർച്ച ഉറപ്പാണെങ്കിലും ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്തു. സംസ്ഥാനത്ത് കുടുംബവാഴ്ചയ്ക്ക് അന്ത്യം കുറിക്കുന്ന തിരഞ്ഞെടുപ്പാണെന്ന് പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി പറഞ്ഞു.
ടി.വി.കെ. നേതാവ് വിജയ് താൻ പറയുന്നത് അനുസരിച്ചാൽ അടുത്ത അഞ്ചുവർഷം വോട്ടർമാർ പറയുന്നതുപോലെ പ്രവർത്തിക്കാമെന്ന് വാഗ്ദാനം നൽകി. സംസ്ഥാന ചരിത്രത്തിൽ ഏറ്റവും മികച്ച പ്രകടനമായിരിക്കും ബി.ജെ.പി. നടത്തുകയെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ അവകാശപ്പെട്ടു.
ഡി.എം.കെ. മുന്നണിയും അണ്ണാ ഡി.എം.കെ.-ബി.ജെ.പി. സഖ്യവും തമ്മിലാണ് മുഖ്യമത്സരം. ആദ്യമായി ജനവിധി തേടുന്ന ടി.വി.കെ.യുടെ സാന്നിധ്യം പല മണ്ഡലങ്ങളിലും ത്രികോണ മത്സരത്തിന് വഴിയൊരുക്കുന്നു. ഭരണമുന്നണിയായ എസ്.പി.എ. നേതൃത്വം നൽകുന്ന ഡി.എം.കെ. 164 സീറ്റിൽ മത്സരിക്കുന്നു. കോൺഗ്രസ്, ഡി.എം.ഡി.കെ., വി.സി.കെ., സി.പി.എം., സി.പി.ഐ. എന്നിവയാണ് മുന്നണിയിലെ പ്രധാന കക്ഷികൾ.
Photo and News Source: Mathrubhumi



