തിരുവനന്തപുരത്ത് ലഹരിമരുന്ന് വിതരണം നടത്തിവന്ന യുവാവിനെ പൊലീസ് പിടികൂടി. പേരൂർക്കട മുട്ടട സ്വദേശിയായ സിദ്ധാർത്ഥ് (28) ആണ് പിടിയിലായത്. നഗരത്തിലെ ലഹരി വിതരണ ശൃംഖലയിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പൊലീസ് വ്യക്തമാക്കി. സിറ്റി പൊലീസ് കമ്മീഷണർ കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫും പൂജപ്പുര പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.

പ്രതി വാടകയ്ക്ക് താമസിച്ചിരുന്ന വലിയവിള മൈത്രി നഗറിലെ 'എസ്.പി പ്ലാസ' അപ്പാർട്ട്മെന്റിൽ നടത്തിയ റെയ്ഡിൽ വൻതോതിൽ ലഹരിമരുന്നുകൾ കണ്ടെടുത്തു. 5.051 ഗ്രാം എംഡിഎംഎ, 0.126 ഗ്രാം തൂക്കം വരുന്ന 10 എൽഎസ്ഡി സ്റ്റാമ്പുകൾ, 17.633 ഗ്രാം ഹാഷിഷ് ഓയിൽ, 38.546 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 5.311 ഗ്രാം കഞ്ചാവ് എന്നിവയാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.

ഇതിനിടെ, മറ്റൊരു സംഭവത്തിൽ അങ്കമാലിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഹെറോയിനുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. അസമിൽ നിന്ന് കേരളത്തിലേക്ക് ഹെറോയിൻ കടത്തുന്ന സംഘത്തിലെ അംഗങ്ങളായ ദിൽദാർ ഹുസൈൻ, മുഷ്ത്തക്കിൻ ആലം, കൈറുൽ ഇസ്ലാം എന്നിവരാണ് പിടിയിലായത്. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇവരെ പിടികൂടിയത്. പ്രതികളിൽ നിന്ന് 600 ഗ്രാമോളം ഹെറോയിൻ കണ്ടെടുത്തു.

Photo and News Source: Media Mangalam