ചെന്നൈ: തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഏപ്രിൽ 29-നകം സർട്ടിഫിക്കറ്റ് നൽകാൻ ചെന്നൈ ഷോലിങ്കനല്ലൂർ തഹസിൽദാറിനെ നിർദ്ദേശിച്ചു. മാർച്ച് 20-ന് അപേക്ഷ നൽകിയെങ്കിലും അധികൃതർ വിമുഖത കാണിച്ചു. പതിനൊന്നാം ക്ലാസിൽ പഠനം നിർത്തിയ പാർത്ഥിപന് ജാതിയോ മതമോ വെളിപ്പെടുത്തുന്ന രേഖകളില്ലെന്ന് ഹർജിയിൽ വ്യക്തമാക്കി.
പ്രായപൂർത്തിയായ ശേഷം സ്വത്വങ്ങൾ ഉപേക്ഷിച്ചതായി അദ്ദേഹം കോടതിയെ അറിയിച്ചു. താൻ സംവിധാനം ചെയ്യുന്ന സിനിമകളിലൂടെയും ജാതിരഹിത സമൂഹത്തിനായി വാദിക്കാറുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. സർട്ടിഫിക്കറ്റ് നൽകാൻ വൈകിയാൽ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകാൻ അനുമതി നൽകി. തമിഴ്നാട് സർക്കാരിന്റെ നിസ്സംഗതയെയും കോടതി വിമർശിച്ചു. തന്റെ വ്യക്തിപരമായ നിലപാട് ജാതിക്കും മതത്തിനും അതീതമാണെന്ന് പാർത്ഥിപൻ ആവർത്തിച്ചു.
Photo and News Source: Janmabhumi



