ടെഹ്‌റാനിൽ നിന്നും: ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് നാവികസേന രണ്ട് ചരക്കുകപ്പലുകളെ പിടിച്ചെടുത്തു. സമുദ്രപാതയിലെ ക്രമവും സുരക്ഷയും തകർക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തിലാണ് കപ്പലുകൾ കസ്റ്റഡിയിലെടുത്തത്. പിടിച്ചെടുത്ത കപ്പലുകളെ തീരപ്രദേശങ്ങളിലേക്ക് മാറ്റി വിശദമായ പരിശോധനകൾ നടക്കുമെന്ന് ഐആർജിസി പ്രസ്താവിച്ചു.

ഹോർമുസ് കടലിടുക്കിലെ ഗതാഗത സുരക്ഷ ഇറാന്റെ പരമപ്രധാന ലക്ഷ്യമാണെന്ന് റെവല്യൂഷണറി ഗാർഡ് ഓർമ്മിപ്പിച്ചു. 'ക്രമവും സുരക്ഷയും തകർക്കുന്നത് റെഡ് ലൈൻ ലംഘിക്കലിന് തുല്യമാണ്. ഇതിനെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കും' എന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. വെസ്റ്റ് ഏഷ്യൻ യുദ്ധമുഖത്ത് വെടിനിർത്തൽ ചർച്ചകൾ നടക്കുമ്പോഴാണ് ഈ നടപടി.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെടിനിർത്തൽ കാലാവധി നീട്ടിയതിന്റെ പിറ്റേ ദിവസം തന്നെ ഇറാൻ ഈ നടപടി സ്വീകരിച്ചു. എംഎസ് സി ഫ്രാൻസെസ്ക, എപ്പാമിനോണ്ടാസ് എന്നീ കപ്പലുകളാണ് പിടിച്ചെടുത്തത്. നാവിഗേഷൻ സംവിധാനങ്ങളിൽ കൃത്രിമം കാട്ടിയെന്നും അനുമതികളില്ലാതെ സഞ്ചരിച്ചെന്നുമാണ് ആരോപണം. അമേരിക്കൻ നാവികസേനയുടെ ഉപരോധത്തിനുള്ള ഇറാന്റെ മറുപടിയായാണ് ഈ നടപടി വ്യാഖ്യാനിക്കപ്പെടുന്നത്.

Photo and News Source: Kvartha