കിങ്സ്റ്റൺ: വെസ്റ്റ് ഇൻഡീസ് ചാംപ്യൻഷിപ്പ് ടൂർണമെന്റിലെ ലീവാർഡ് ഐലൻഡും ട്രിനിഡാഡ് ആൻഡ് ടൊബാഗോയും തമ്മിലുള്ള മത്സരം ഉപേക്ഷിച്ചു. പിച്ചിന്റെ അസ്വാഭാവിക മാറ്റമാണ് കാരണം. മത്സരത്തിന്റെ തുടക്കം മുതൽ പന്തുകൾ കുത്തി പൊങ്ങുകയും ബാറ്റർമാർക്ക് പരിക്ക് ഏൽക്കുകയും ചെയ്തു.
ലീവാർഡ് ഐലൻഡിന്റെ ബാറ്ററായ ജെറമിയ ലൂയിസ് ക്രീസിൽ നിന്നപ്പോൾ ട്രിനിഡാഡ് ആൻഡ് ടൊബാഗോയുടെ ബൗളർ ജെയ്ഡൻ സീൽസ് എറിഞ്ഞ പന്ത് ഹെൽമെറ്റിൽ പതിക്കുകയും, തുടർന്ന് അദ്ദേഹം നിലത്തുവീണു. മെഡിക്കൽ സംഘം ഉടൻ തന്നെ ഗ്രൗണ്ടിൽ എത്തി പ്രാഥമിക ശുശ്രൂഷ നൽകി.
പിന്നീട് കൂടുതൽ പരിശോധനകൾക്കായി താരത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെത്തുടർന്ന് അംപയർമാരും മാച്ച് റഫറിയുമായി കൂടിയാലോചിച്ച ശേഷം മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചു. പിച്ചിന്റെ അസ്വാഭാവിക മാറ്റം കാരണമാണ് മത്സരം ഉപേക്ഷിച്ചത്. കളിക്കാരുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം നൽകിയത്. ഇരു ടീമുകളും പോയിന്റുകൾ പങ്കുവെച്ചു.
Photo and News Source: Samakalika Malayalam



