വാഷിങ്ടണിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, ഇറാനുമായുള്ള വെടിനിർത്തൽ നീട്ടാനുള്ള ട്രംപിന്റെ തീരുമാനം സമാധാന ശ്രമമായി മാത്രം കാണാൻ പാടില്ല. യുദ്ധഭൂമിയിൽ ആക്രമണങ്ങൾ കുറഞ്ഞെങ്കിലും, ഇറാന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ എണ്ണമേഖലയെ ലക്ഷ്യമിട്ടുള്ള സാമ്പത്തിക സമ്മർദം തുടരുകയാണ് അമേരിക്ക.
വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും, ഇറാന്റെ എണ്ണക്കയറ്റുമതി തടയുന്ന നാവിക ഉപരോധം അമേരിക്ക തുടരുന്നു. എണ്ണ സംഭരണ ശേഷി പരിമിതമായതിനാൽ, പ്രധാന എണ്ണകേന്ദ്രമായ ഖാർഗ് ദ്വീപിലെ സംഭരണകേന്ദ്രങ്ങൾ നിറഞ്ഞാൽ ഉത്പാദനം നിർത്തേണ്ടി വരുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.
ഇറാന്റെ സമ്പദ്‌വ്യവസ്ഥയിൽ എണ്ണമേഖലയ്ക്കുള്ള പങ്ക് വലുതാണ്. ഉത്പാദനം തടസപ്പെടുത്തുന്നത് രാജ്യത്തിന്റെ വരുമാനത്തെ നേരിട്ട് ബാധിക്കും. സൈനിക ആക്രമണങ്ങളേക്കാൾ ദീർഘകാല ഫലങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന ‘സാമ്പത്തിക യുദ്ധം’ എന്ന രീതിയിലാണ് അമേരിക്കയുടെ നീക്കം വിലയിരുത്തപ്പെടുന്നത്.
എണ്ണക്കിണറുകൾ അടച്ചുപൂട്ടുന്നത് എളുപ്പമല്ല. പ്രത്യേകിച്ച് പഴക്കം ചെന്ന എണ്ണപ്പാടങ്ങളാണ് കൂടുതലുള്ളത്. ഇത്തരം കിണറുകൾ കുറച്ചുകാലം പോലും പ്രവർത്തനം നിർത്തിയാൽ, ഭൂഗർഭ മർദ്ദം കുറയുകയും വെള്ളം കയറുകയും ചെയ്ത് ശാശ്വതമായ നാശം സംഭവിക്കാനുള്ള സാധ്യത ഉയരും. കട്ടിയേറിയ ക്രൂഡ് ഓയിൽ കുഴലുകളിൽ കട്ടപിടിച്ച് സംവിധാനം തടസപ്പെടാനും ഇടയാകും. ഇത് വീണ്ടും ഉത്പാദനം പുനരാരംഭിക്കുന്നത് വർഷങ്ങൾ എടുക്കും.
Photo and News Source: Newsthen



