തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ജനപ്രിയ തീരുമാനവുമായി വിജയ്. സംസ്ഥാനത്തെ 717 ടാസ്മാക് ഔട്ട്‌ലെറ്റുകൾ രണ്ടാഴ്ചയ്ക്കകം അടച്ചുപൂട്ടാൻ അദ്ദേഹം കർശന നിർദ്ദേശം നൽകി. പൊതുജനങ്ങളുടെ താൽപര്യം മുൻനിർത്തിയാണ് ഇത്തരമൊരു സുപ്രധാന തീരുമാനത്തിലേക്ക് സർക്കാർ എത്തിയിരിക്കുന്നത്.
ആരാധനാലയങ്ങൾ, സ്‌കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ പരിധിയിൽ പ്രവർത്തിക്കുന്ന മദ്യശാലകളാണ് പൂട്ടുന്നത്. ഇതിൽ 186 എണ്ണം സ്‌കൂളുകൾക്ക് സമീപവും, 276 എണ്ണം ആരാധനാലയങ്ങൾക്ക് അടുത്തും, 255 എണ്ണം ബസ് സ്റ്റാൻഡുകൾക്ക് സമീപവുമാണ് സ്ഥിതി ചെയ്യുന്നത്. നിലവിൽ തമിഴ്‌നാട്ടിൽ ആകെ 4765 ടാസ്മാക് ഔട്ട്‌ലെറ്റുകളാണ് പ്രവർത്തിക്കുന്നത്.
നേരത്തെ സ്‌കൂളുകൾക്കും ആരാധനാലയങ്ങൾക്കും 50 മീറ്റർ പരിധിയിൽ മദ്യശാലകൾ പാടില്ല എന്നായിരുന്നു നിയമം. ഈ പരിധിയാണ് ഇപ്പോൾ 500 മീറ്ററായി വിജയ് സർക്കാർ ഉയർത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയായി ചുമതലയേറ്റ വിജയ്‌യെ പ്രധാനമന്ത്രി ഫോണിൽ വിളിച്ച് അഭിനന്ദിക്കുകയും കേന്ദ്രത്തിന്റെ പൂർണ്ണ പിന്തുണ ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്. കേന്ദ്രവുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്ന് വിജയ്‌യും വ്യക്തമാക്കി.
Photo and News Source: Media Mangalam









