കോട്ടയത്തെ ചെങ്ങളം സൗത്ത് വലിയകളപ്പത്തറ സ്വദേശികളായ മുഹമ്മദ് നസീറിന്റെയും ആരിഫയുടെയും മകൻ മുഹമ്മദ് ആദം(5) വിനോദയാത്രയ്ക്കിടെ വെള്ളച്ചാലിൽ വീണു മരിച്ചു. കിഴക്കമ്പലം പഴങ്ങനാട് ജംഗിള് പാർക്കിലായിരുന്നു സംഭവം. ഇന്നലെ ഉച്ചയ്ക്ക് 1. 15 ഓടെയായിരുന്നു അപകടം. സംസാരശേഷി കുറഞ്ഞ ആദത്തിന്റെ പഠനത്തിനായി മാതാവും മുത്തശ്ശിയും വീടെടുത്ത് താമസിച്ചിരുന്നു. സ്കൂളിന്റെ പാലാരിവട്ടത്തെയും മാമലയിലേയും കേന്ദ്രങ്ങളില് നിന്നുള്ള 25 കുട്ടികളുമായി അധ്യാപകരും ആദവും പാർക്കിലെത്തിയിരുന്നു.
ഉച്ചഭക്ഷണം നല്കാനായി മുറിയിലേക്ക് കുട്ടികളെ കൊണ്ടുവരുന്നതിനിടെ ഒരു കുട്ടി ഓടി. പ്രത്യേക ശ്രദ്ധയിലായിരുന്ന ആദത്തെ നിലത്തു നിരത്തി അധ്യാപിക ഓടിപ്പോയ കുട്ടിയുടെ പുറകെ ഓടി. തിരികെ എത്തി ഭക്ഷണം നല്കിയ ശേഷം കുട്ടികളുടെ എണ്ണം എടുത്തപ്പോഴാണ് ആദത്തെ കാണാനില്ലെന്ന് മനസ്സിലായത്. തുടർന്നുള്ള തിരച്ചിലിൽ പാർക്കിന്റെ പിന്നിലെ വെള്ളച്ചാലിൽ ആദത്തിന്റെ ടീഷർട്ട് കണ്ടെത്തി. ജീവനക്കാരുടെ ശ്രമഫലമായി ആദത്തെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചു.
Photo and News Source: Kerala Online News



