തൃശൂരിലെ മുണ്ടത്തിക്കോടിൽ നടന്ന വെടിക്കെട്ടപകടത്തിൽ മരണപ്പെട്ട ഏഴു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ പ്രഖ്യാപിച്ചു. ഇതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞു. പഴയന്നൂർ സ്വദേശി സുദർശൻ (54), പാലക്കാട് സ്വദേശി വാസുദേവൻ (54), പുതുക്കാട്ടിൽ നിന്നുള്ള സുവിൻ (40) എന്നിവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. ബാക്കിയുള്ള നാലു പേരെ ഇനിയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.

13 പേർ ചികിത്സയിലാണ്. ഇതിൽ സതീഷ്, പ്രവീൺ എന്നിവർ വെന്റിലേറ്ററിലായിരിക്കെ ബാക്കിയുള്ളവർ സാധാരണ ചികിത്സയിലാണ്. സുഭദ്രയെ ഇതിനിടെ ഡിസ്ചാർജ് ചെയ്തു. തിരിച്ചറിയാൻ കഴിയാത്ത ഒമ്പത് ശരീരഭാഗങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവ തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധനകൾ ആവശ്യമാണ്.

വെടിക്കെട്ടു ജോലിയിൽ ഏർപ്പെട്ടിരുന്നവർ കാണാതായിട്ടുണ്ടെങ്കിൽ ബന്ധുക്കൾ നിയുക്ത കൺട്രോൾ റൂമുകളിൽ ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. മുണ്ടത്തിക്കോട് വില്ലേജ് ഓഫീസ്, തൃശൂർ താലൂക്ക് ഓഫീസ്, കലക്ടറേറ്റ്, മെഡിക്കൽ കോളേജ് കൺട്രോൾ റൂമുകൾ എന്നിവിടങ്ങളിൽ വിവരങ്ങൾ നൽകാവുന്നതാണ്.

Photo and News Source: Kerala Online News