കാലടിയിലെ ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ ശ്രീശങ്കരജയന്തി ആഘോഷങ്ങളുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിച്ച ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർ.ലേക്കർ, സംവാദങ്ങളാണ് സനാതന ധർമ്മത്തിന്റെ പ്രത്യേകതയെന്നും, വിഗ്രഹാരാധനയിലോ നിരീശ്വരവാദത്തിലോ വിശ്വാസമില്ലെങ്കിലും സനാതനിയും ഹിന്ദുവുമാണെന്ന് വ്യക്തമാക്കി.
ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിച്ച് വിപുലമായി ആഘോഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിഷേധമല്ല, സംവാദമാണ് നമ്മുടെ സംസ്‌കാരം. പരസ്പരം സംവദിക്കാനുള്ള കഴിവാണ് സനാതന സംസ്‌കൃതിയുടെ അടിസ്ഥാനം.
ആദിശങ്കരനും ശ്രീനാരായണ ഗുരുവും ഉയർത്തിപ്പിടിച്ച മൂല്യങ്ങളെ ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. വിരുദ്ധാഭിപ്രായമുള്ളവർ പരസ്പരം ഏറ്റുമുട്ടേണ്ടതല്ല, സമാധാനപരമായി സംവദിക്കേണ്ടതാണ്. അദ്വൈത വേദാന്തമാണ് സനാതന ധർമ്മത്തിന്റെ അടിസ്ഥാനം.
ലോകമെങ്ങുമുള്ള മഹത്തുക്കൾ ശ്രീശങ്കര ദർശനങ്ങളെയാണ് പിന്തുടരുന്നത്. ഈ മണ്ണിന്റെ മഹാനായ പുത്രനായ വിശ്വഗുരുവായ ആദിശങ്കരന്റെ തത്ത്വചിന്ത ലോകത്തിനാകെ വഴികാട്ടിയാണ്. ശങ്കരന്റെ ദർശനങ്ങളെയും സംസ്‌കൃതഭാഷയെയും ഗവേഷണത്തെയും ലോകമെങ്ങും പ്രചരിപ്പിക്കുകയാണ് ഈ സർവകലാശാലയുടെ ലക്ഷ്യം.
Photo and News Source: Janmabhumi



