മഞ്ചേരി മെഡിക്കൽ കോളേജിലെ ഏറ്റവും പഴക്കമുള്ള ബി. ബ്ലോക്ക് കെട്ടിടത്തിന്റെ ബലക്ഷയം പരിശോധിക്കാൻ വിദഗ്ദ്ധ എൻജിനിയർമാരുടെ സംഘം സുരക്ഷാപരിശോധന ആരംഭിച്ചു. കോഴിക്കോട് എൻജിനിയറിങ് കോളേജിന്റെ സിവിൽ എൻജിനിയറിങ് വകുപ്പ് മേധാവി നൗഫലിന്റെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച തകർന്ന ഭാഗങ്ങൾ അടയാളപ്പെടുത്തി. കോൺക്രീറ്റിന്റെയും കമ്പികളുടെയും സാമ്പിളുകൾ ശേഖരിച്ച് ലാബിൽ പരിശോധിക്കും.
15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനുള്ള ലക്ഷ്യത്തോടെ, മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് സംഘം വിവരങ്ങൾ നൽകും. ശൗചാലയസമുച്ചയത്തിലെ ബലക്ഷയം മുൻപ് പൊതുമരാമത്ത് വിഭാഗം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ട്രക്ചറൽ ഓഡിറ്റ് നടത്താൻ തീരുമാനിച്ചത്. 1961-ൽ നിർമിച്ച ഈ കെട്ടിടത്തിൽ രണ്ട് ലക്ചർ ഹാൾ, ഫിസിയോതെറാപ്പി സെന്റർ, സി.ടി. സ്കാൻ യൂണിറ്റ്, എക്സ്റേ, പീഡിയാട്രിക് വാർഡ്, ഐ.സി.യു., സർജിക്കൽ വാർഡ് എന്നിവ പ്രവർത്തിക്കുന്നുണ്ട്. കെട്ടിടം ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തിയാൽ ഇവയെ മറ്റൊരിടത്തേക്ക് മാറ്റേണ്ടിവരും. ഇതിനായി ആശുപത്രിയിൽ വലിയ ക്രമീകരണങ്ങൾ നടത്തേണ്ടിവരും. 5 ലക്ഷം രൂപ ചെലവഴിച്ച് പുറത്തുനിന്നുള്ള ഏജൻസിയെക്കൊണ്ട് ഈ പരിശോധന നടത്തുന്നു.
Photo and News Source: Mathrubhumi



