മനാമ: അറബ് രാജ്യങ്ങളെ ഇറാൻ ആക്രമിക്കുന്നതെങ്ങനെയെന്നും അതിന്റെ പിന്നിലെ തന്ത്രങ്ങളെക്കുറിച്ചുമാണ് അറബ് വിദേശകാര്യ മന്ത്രിമാരുടെ അസാധാരണ യോഗം ചർച്ച ചെയ്തത്. ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയുടെ അധ്യക്ഷതയിലായിരുന്നു ഈ യോഗം. ഡ്രോൺ ആക്രമണങ്ങൾക്കുപുറമെ, നാല്പതു ദിവസങ്ങളിലായി ആയിരക്കണക്കിന് ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകൾ ഉപയോഗിച്ച് അറബ് രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തിയ ആക്രമണങ്ങൾ, പരമാവധി നാശം വരുത്തുക എന്ന ലക്ഷ്യത്തോടെയാണെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

ഈ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതരമായ ലംഘനമാണെന്നും ഐക്യരാഷ്ട്രസഭയുടെ തത്വങ്ങളെ അവഗണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക, അന്തർദേശീയ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും നല്ല അയൽപക്ക തത്വങ്ങളെ ദുർബലപ്പെടുത്തുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. 2026ലെ യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം (2817), മനുഷ്യാവകാശ കൗൺസിൽ പ്രമേയം (1/61) എന്നിവയെല്ലാം ഇറാനിയൻ ആക്രമണങ്ങളെ അപലപിക്കുകയും നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടു.

116 രാജ്യങ്ങളുടെ പിന്തുണയോടെ പാസാക്കിയ മനുഷ്യാവകാശ കൗൺസിൽ പ്രമേയം ഉടനടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടിട്ടും, ഇറാൻ തുടർച്ചയായ ആക്രമണങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. ഈ തീരുമാനങ്ങൾ ഇറാൻ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ഉറച്ച കൂട്ടായ നിലപാട് ആവശ്യമാണെന്ന് ഡോ. അൽ സയാനി ഊന്നിപ്പറഞ്ഞു. സിവിലിയന്മാരെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങൾ, അന്താരാഷ്ട്ര സമൂഹത്തിന്റെ ശക്തമായ പ്രതികരണം ആവശ്യപ്പെടുന്നു.

Photo and News Source: Mathrubhumi