ബെംഗളൂരു: സംസ്ഥാനത്തെ കൃഷിയിടങ്ങളിലെ ജലവിതരണം മുടങ്ങാതിരിക്കുമെന്ന് ജലസേചനവകുപ്പ് മന്ത്രി എൻ.എസ്. ബോസ്‌രാജു ഉറപ്പുനൽകി. ചെറുകിട ജലസംഭരണികളിൽ ആവശ്യത്തിന് വെള്ളം സംഭരിച്ചിട്ടുണ്ടെന്നും വരൾച്ചയുണ്ടായാലും കൃഷിയിടത്തിലേക്ക് ജലവിതരണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ജലസേചനവകുപ്പിന് കീഴിൽ 3,788 ജലസംഭരണികളുണ്ട്. 4,45,009 ഹെക്ടർ കൃഷിഭൂമിയിലേക്കാവശ്യമായ വെള്ളം സംഭരണികളിൽ നിലനിർത്തിയിട്ടുണ്ട്. 165 സംഭരണികളിൽ പൂർണമായും ജലനിരപ്പുണ്ട്. 1,355 സംഭരണികളിൽ 51 ശതമാനത്തിലധികം ശേഷിയുണ്ട്. 959 സംഭരണികളിൽ 30 ശതമാനം വെള്ളം സംഭരിച്ചിരിക്കുന്നു.
ദാവണഗരെ, ചിക്കമഗളൂരു, ഹാസൻ, തുമകുരു, കോലാർ ജില്ലകളിലും പര്യാപ്തമായ ജലം സൂക്ഷിച്ചിട്ടുണ്ട്. ചെറുകിട ജലസേചനവകുപ്പിന് കീഴിലുള്ള 1,184 സംഭരണികളിൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളിലൂടെ വെള്ളം നിറയ്‌ക്കാനുള്ള പ്രവർത്തി നടന്നുവരുന്നു. കഴിഞ്ഞവർഷത്തെ ശക്തമായ മഴയാണ് ഇത്തരമൊരു ജലസുരക്ഷിതാവസ്ഥ സൃഷ്ടിച്ചത്. മാർച്ച് അവസാനത്തോടെ സംഭരണികളിൽ ഇത്രയും ജലം സംഭരിക്കാൻ കഴിഞ്ഞത് ആദ്യമായാണ്.
Photo and News Source: Mathrubhumi



