തൃശൂരിൽ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ ഉണ്ടായ തീപിടിത്തവും സ്ഫോടനവും അഞ്ചു പേരുടെ മരണത്തിനിടയാക്കി. അതിവിപുലമായ പൊള്ളലേറ്റ നിരവധി പേരുടെ നില ഗുരുതരമാണ്. തൃശ്ശൂർ പൂരത്തിനായി തിരുവമ്പാടി വിഭാഗത്തിനു വേണ്ടി വെടിക്കോപ്പുകൾ നിർമ്മിക്കുന്ന ശാലയിലായിരുന്നു അപകടം. ഉച്ചഭക്ഷണത്തിനായി നാൽപതോളം തൊഴിലാളികൾ അവിടെ ഉണ്ടായിരുന്നതായി കരുതപ്പെടുന്നു.
പൊലീസ്, ഫയർഫോഴ്സ്, ആംബുലൻസ് എന്നിവർ ദുരന്തസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. സാമ്പിൾ വെടിക്കെട്ടിനുള്ള വസ്തുക്കൾ നിർമ്മിക്കുന്നതിനിടെയായിരുന്നു ഈ അപകടം. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത ചൂട് സ്ഫോടനത്തിനു കാരണമായതാകാമെന്ന സംശയം ഉയർന്നിട്ടുണ്ട്. സ്ഫോടനശബ്ദം അഞ്ചു കിലോമീറ്ററോളം കേട്ടിരുന്നു. ഭൂകമ്പമാണെന്ന തെറ്റിദ്ധാരണയിലായിരുന്നു പലരും.
രക്ഷാപ്രവർത്തനം ജാഗ്രതയോടെയാണ് നടക്കുന്നത്. വീണ്ടും സ്ഫോടനം ഉണ്ടാകാനുള്ള സാധ്യതയെ തുടർന്ന് രക്ഷാപ്രവർത്തകർ കൂടുതൽ സൂക്ഷ്മത പാലിക്കുന്നു. പരിക്കേറ്റ എട്ടുപേരുടെ നില ഗുരുതരമാണെന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും അറിയിച്ചു. പൊട്ടാത്ത വെടിക്കെട്ട് സാമഗ്രികൾ നിർവീര്യമാക്കാതെ രക്ഷാപ്രവർത്തനം പൂർത്തിയാകില്ലെന്നും സൂചനയുണ്ട്.
Photo and News Source: Sathyam Online



