തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട വിവാദം ശക്തി പ്രാപിച്ചിട്ടുണ്ട്. കോഴിക്കോടും പാലക്കാടും സ്ട്രോങ്ങ് റൂമുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങൾ ഉയർന്നതോടെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേലക്കർ പ്രതികരിച്ചു. പോളിങ്ങിനു ശേഷം സീല്‍ ചെയ്ത മുറികളിൽ ഒന്നും തുറക്കരുതെന്ന് അദ്ദേഹം വ്യക്തമാക്കി. വോട്ടെണ്ണല്‍ വരെ മെറ്റീരിയൽ റൂം ഉൾപ്പെടെ എല്ലാ മുറികളും അടച്ചു സൂക്ഷിക്കണമെന്നാണ് 14 ജില്ലാ കലക്ടർമാർക്കും റിട്ടേണിങ് ഓഫീസർമാർക്കുമുള്ള നിർദ്ദേശം.
ഇന്ന് രാവിലെ, പാലക്കാട് നെന്മാറ മണ്ഡലത്തിൽ വിക്ടോറിയ കോളജിലെ സ്ട്രോങ്ങ് റൂം തുറക്കാനുള്ള തീരുമാനമെടുത്തെങ്കിലും ജില്ലാ കലക്ടർ പിന്നീട് അത് നിർത്തിവച്ചു. ഉദ്യോഗസ്ഥർ കൈവശം വയ്ക്കേണ്ട രേഖകൾ മുറികളിൽ പൂട്ടിയിരിക്കുമ്പോൾ അതിന്റെ ഉത്തരവാദിത്തം അവർക്കാണ്. മുറി തുറക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയ്ക്ക് ഭംഗം വരുത്തും. ഇൻഡക്സ് കാർഡ് തയ്യാറാക്കാനോ, എൻകോഡ് പോർട്ടലിലെ വിവരങ്ങൾ പരിശോധിക്കാനോ മുറി തുറക്കരുതെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശിച്ചു. നെന്മാറയിൽ തുറക്കാനിരുന്നത് മെറ്റീരിയൽ സ്ട്രോങ്ങ് റൂമാണെന്നും ഇവിഎം സൂക്ഷിക്കുന്ന റൂം അല്ലെന്നും കലക്ടർ എം.എസ്. മാധവിക്കുട്ടി വ്യക്തമാക്കി.
Photo and News Source: Newsthen



