കാസർകോട്: സമയമാറ്റവും സമയക്കുറവും കാരണം അഞ്ചുമുതൽ ഒൻപതുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള പഠനപിന്തുണാ പരിപാടി ഇക്കുറി പാളുമെന്ന സ്ഥിതി. ഏപ്രിൽ 27 വരെ രാവിലെ 9.30 മുതൽ 12.30 വരെ പരിപാടി നടത്താനായിരുന്നു തീരുമാനം.

വേനൽച്ചൂട് കണക്കിലെടുത്ത് ക്ലാസുകൾ രാവിലെ 10.30-ന് അവസാനിപ്പിക്കാൻ ബാലാവകാശ കമ്മിഷൻ നിർദ്ദേശിച്ചതോടെ സമയം രാവിലെ 7.30 മുതൽ 10.30 വരെയായി മാറ്റി. എന്നാൽ ഇത് അപ്രായോഗികമാണെന്ന് അധ്യാപക സംഘടനകൾ എതിർപ്പുമായി പ്രത്യക്ഷപ്പെട്ടു. വാർഷിക മൂല്യനിർണയത്തിൽ പിന്നിലാണെന്ന് കണ്ടെത്തിയ വിഷയങ്ങളിലാണ് പരിപാടി നടത്തുന്നത്.

ഗതാഗത സൗകര്യങ്ങളുടെ അഭാവവും പ്രശ്നം സൃഷ്ടിച്ചു. അവധിക്കാലമായതിനാൽ ബസുകളും സ്വകാര്യ വാഹനങ്ങളും സർവീസ് നടത്തുന്നില്ല. ദൂരെയുള്ള വിദ്യാർഥികൾക്ക് പൊതുഗതാഗതത്തെ ആശ്രയിക്കേണ്ടിവരും. പല സ്ഥലങ്ങളിലും രാവിലെ സമയത്ത് ഗതാഗത സൗകര്യങ്ങൾ ലഭ്യമല്ലെന്ന പ്രശ്നവും ഉയർന്നു.

Photo and News Source: Mathrubhumi