തിരുവനന്തപുരം കിംസ്ഹെൽത്ത് ആശുപത്രിയിൽ അപൂർവ്വമായ ശസ്ത്രക്രിയയിലൂടെ യുവതിയുടെ കണ്ണിൽ നിന്ന് പത്തു സെന്റിമീറ്റർ നീളമുള്ള ജീവനുള്ള വിരയെ പുറത്തെടുത്തു. തമിഴ്‌നാട് സ്വദേശിയായ മുപ്പത്തിയേഴുകാരിയാണ് കടുത്ത കണ്ണുവേദനയും നീർക്കെട്ടുമായി ആശുപത്രിയിൽ ചികിത്സ തേടിയത്. രണ്ട് ദിവസമായി അനുഭവപ്പെട്ട അസ്വസ്ഥതകളെത്തുടർന്ന് എമർജൻസി വിഭാഗത്തിൽ പ്രവേശിപ്പിച്ച യുവതിയെ പിന്നീട് ഒഫ്താൽമോളജി വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

വിദഗ്ധ പരിശോധനയിൽ കണ്ണിന്റെ നേർത്ത പാളിയായ കൺജങ്‌റ്റൈവയ്ക്ക് അടിയിൽ വിരയെ കണ്ടെത്തുകയായിരുന്നു. ഒഫ്താൽമോളജി വിഭാഗം കൺസൾട്ടന്റ് ഡോ. അസ്ഗർ അബ്ബാസിന്റെ നേതൃത്വത്തിലുള്ള സംഘം അതീവ ജാഗ്രതയോടെ ശസ്ത്രക്രിയ നടത്തി വിരയെ പുറത്തെടുത്തു. കാഴ്ചയ്ക്ക് തകരാറുകൾ സംഭവിക്കാത്ത രീതിയിലായിരുന്നു നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. കൃത്യസമയത്തുള്ള ഇടപെടൽ കാഴ്ചശക്തിയെ ബാധിക്കാവുന്ന സങ്കീർണ്ണതകൾ ഒഴിവാക്കിയെന്ന് ഡോക്ടർ വ്യക്തമാക്കി.

മൃഗങ്ങളിൽ, പ്രത്യേകിച്ച് നായ്ക്കളിലും പൂച്ചകളിലും കണ്ടുവരുന്ന 'ഡൈറോ ഫൈലേറിയ' എന്ന ഇനത്തിൽപ്പെട്ട വിരയാണിതെന്ന് പരിശോധനയിൽ തെളിഞ്ഞു. കൊതുകുകൾ വഴിയാണ് ഇവ മനുഷ്യരിലേക്ക് പകരുന്നത്. മനുഷ്യശരീരത്തിൽ ഇത്തരം വിരകൾ സാധാരണയായി അതിജീവിക്കാറില്ലെങ്കിലും, അപൂർവ്വമായി ചർമ്മത്തിനടിയിലോ കണ്ണിന് സമീപത്തോ വളരാറുണ്ട്. ഇന്ത്യയിൽ വളരെ കുറച്ച് കേസുകൾ മാത്രമാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയുടെ അസ്വസ്ഥതകൾ പൂർണ്ണമായും ഭേദമായിട്ടുണ്ട്.

Photo and News Source: Kerala Kaumudi Latest