എസ്.എൻ.ഡി.പി യോഗത്തെ തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്ക് മുസ്ലീം ലീഗും ജമാഅത്തെ ഇസ്ലാമിയും സാമ്പത്തിക സഹായം നൽകുന്നുണ്ടെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു. യൂണിയൻ ഭാരവാഹികളുടെ യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങൾക്ക് അനുകൂലമല്ലാത്ത അഭിപ്രായങ്ങൾ പറയുന്നവരെ അധികാരത്തിലിരിക്കുമ്പോഴും അല്ലാതെയും മുസ്ലീം ലീഗ് അടിച്ചമർത്താൻ ശ്രമിക്കാറുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മലപ്പുറത്ത് ഒരു വിദ്യാലയം പോലുമില്ലെന്ന് താൻ ചൂണ്ടിക്കാണിച്ചപ്പോൾ, അത് മുസ്ലീം സമുദായത്തിന് എതിരായ പരാമർശമാണെന്ന് വരുത്തിത്തീർക്കാൻ കുപ്രചാരണങ്ങൾ നടന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഭരണത്തിന്റെ തണലിൽ കോടാനുകോടികൾ കൈക്കലാക്കുന്ന പാർട്ടിയാണ് മുസ്ലീം ലീഗെന്നും, വരുമാനമുള്ള വകുപ്പുകളെല്ലാം അവർ കൈക്കലാക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

യോഗത്തിൽ വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സ്വാഗതം ആശംസിച്ചു. ചാത്തന്നൂർ നിയുക്ത എം.എൽ.എയും ചാത്തന്നൂർ യൂണിയൻ പ്രസിഡന്റുമായ ബി.ബി. ഗോപകുമാറിനെ ചടങ്ങിൽ വെള്ളാപ്പള്ളി നടേശൻ ആദരിച്ചു. യോഗം കൗൺസിലർമാരായ പി. സുന്ദരൻ, പി.ടി. മന്മഥൻ, ഷീബ, ഡി. വിപിൻ രാജ്, പി.കെ. പ്രസന്നൻ, പി.എസ്.എൻ. ബാബു, സി.എം. ബാബു, ബേബിറാം സരോവരം, അബിൻ അമ്പാടിയിൽ, പച്ചയിൽ സന്ദീപ് തുടങ്ങിയവർ സംസാരിച്ചു. ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് നന്ദി രേഖപ്പെടുത്തി.

Photo and News Source: Kerala Kaumudi