ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും തെലുങ്ക് നടനുമായ പവൻ കല്യാണിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. ശനിയാഴ്ച വൈകുന്നേരം നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹം സുഖം പ്രാപിച്ചുവരുന്നതായി ഭാര്യ അന്ന ലെഷ്നേവ അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമ്പോൾ കടുത്ത ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഔദ്യോഗിക പരിപാടികൾ റദ്ദാക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിശദമായ പരിശോധനകളും എംആർഐ സ്കാനിംഗും നടത്തിയ ശേഷം ശസ്ത്രക്രിയ അനിവാര്യമാണെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടിരുന്നുവെന്ന റിപ്പോർട്ടുകളുമുണ്ട്. ശസ്ത്രക്രിയയ്ക്ക് ശേഷം ഏഴ് മുതൽ പത്ത് ദിവസം വരെ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്. പൂർണമായി സുഖം പ്രാപിക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്ന് മെഡിക്കൽ സംഘം അറിയിച്ചു.

വാർത്ത പുറത്തുവന്നതോടെ സിനിമ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ ആശംസകളുമായി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി പവൻ കല്യാണുമായി സംസാരിക്കുകയും അദ്ദേഹത്തിന്റെ ക്ഷേമം അന്വേഷിക്കുകയും ചെയ്തു. പവൻ കല്യാൺ വേഗത്തിൽ സുഖം പ്രാപിക്കുമെന്നും പ്രധാനമന്ത്രി പ്രസ്താവിച്ചു. നടൻ സായ് ധരം തേജ്, നാഗ ബാബു കൊനിഡേല എന്നിവരും ആശംസകൾ അറിയിച്ചു.

Photo and News Source: Media Mangalam