കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുനൻ ഖാർഗെയ്ക്ക് ഔദ്യോഗിക റിപ്പോർട്ട് സമർപ്പിച്ചു. രാവിലെ ഖാർഗെയുടെ വസതിയിൽ നേരിട്ടെത്തിയാണ് ഇരുവരും റിപ്പോർട്ട് കൈമാറിയത്. റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷം അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്ന് അജയ് മാക്കൻ മാധ്യമങ്ങളോട് വ്യക്തമാക്കി. മുഖ്യമന്ത്രി ആരായിരിക്കുമെന്ന പ്രഖ്യാപനം വൈകില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.
ഇതിനിടെ, സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും പ്രചരിച്ച എംഎൽഎമാരുടെ പിന്തുണ രേഖപ്പെടുത്തിയ പട്ടിക വ്യാജമാണെന്ന് മുകുൾ വാസ്നിക് തള്ളിക്കളഞ്ഞു. ഹൈക്കമാൻഡ് നിരീക്ഷകർ തയ്യാറാക്കിയ രേഖയല്ല ഇതെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂ ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട ഈ പട്ടികയിൽ സന്ദീപ് വാര്യർ, സജീവ് ജോസഫ്, ടി.ഒ മോഹനൻ, സണ്ണി ജോസഫ്, ഉഷ വിജയൻ, ഐ സി ബാലകൃഷ്ണൻ, ടി. സിദ്ധിഖ് തുടങ്ങിയ എംഎൽഎമാരുടെ പേരുകൾ ഉൾപ്പെട്ടിരുന്നു.
പട്ടികയിൽ കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരെ സൂചിപ്പിക്കുന്ന രീതിയിൽ പേരുകൾക്ക് നേരെ 'കെ.സി', 'ആർ.സി' എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, പട്ടികയിൽ തന്റെ പേരിന് നേരെ പിന്തുണ രേഖപ്പെടുത്താത്തതിൽ ഉദുമ നിയുക്ത എംഎൽഎ കെ. നീലകണ്ഠൻ ഹൈക്കമാൻഡിന് പരാതി നൽകിയിരുന്നു. ഈ വിവാദങ്ങൾക്കിടയിലാണ് ഹൈക്കമാൻഡ് ഔദ്യോഗികമായി ഈ രേഖ വ്യാജമാണെന്ന് പ്രഖ്യാപിച്ചത്.
Photo and News Source: Kerala Kaumudi










