പത്തനാപുരം പിടവൂർ മൂലംകോട് രാജേഷ് ഭവനിൽ രേവതി (15) എന്ന പെൺകുട്ടിക്കാണ് ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പ് കടിയേറ്റത്. കഴിഞ്ഞദിവസം പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ഷീറ്റിട്ട വീടിന്റെ മേൽക്കൂരയിൽ നിന്ന് പാമ്പും എലിയും പെൺകുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. എലിശല്യം രൂക്ഷമായതിനാൽ ലൈറ്റ് ഓഫ് ചെയ്യാതെയാണ് വീട്ടുകാർ ഉറങ്ങിയിരുന്നത്.

ദേഹത്ത് എന്തോ വീണതറിഞ്ഞ് ഞെട്ടിയുണർന്ന രേവതി പാമ്പിനെ കണ്ട് നിലവിളിക്കുകയായിരുന്നു. ആദ്യം കാലിലെ മുറിവ് കണ്ട് എലി കടിച്ചതാകുമെന്നാണ് വീട്ടുകാർ കരുതിയത്. എന്നാൽ, പിന്നീട് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ കുട്ടിയെ ഉടൻ തന്നെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നടത്തിയ വിശദമായ പരിശോധനയിലാണ് പാമ്പ് കടിയേറ്റതാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചത്.

രേവതിയുടെ നിലവിളി കേട്ടെത്തിയ വീട്ടുകാരും അയൽവാസികളും പാമ്പിനെ കണ്ടിരുന്നു. അലമാരയുടെ അടിയിലേക്ക് ഇഴഞ്ഞുനീങ്ങിയ പാമ്പ് പിന്നീട് ഭിത്തിയിലെ മാളത്തിനുള്ളിൽ ഒളിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. തുടർന്ന് വീട്ടുകാർ തറ കുഴിച്ച് പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല.

നിലവിൽ പുനലൂർ താലൂക്ക് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന രേവതിയുടെ ആരോഗ്യനില ഡോക്ടർമാർ നിരീക്ഷിച്ചുവരികയാണ്. പെൺകുട്ടിയുടെ നില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

Photo and News Source: Kerala Kaumudi Latest