കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള ചർച്ചകൾ സജീവമാകുന്നതിനിടെ, പ്രതിപക്ഷ നേതാവ് വി ഡി സതീശന് അനുകൂലമായി പ്രകടനം നടത്തിയ സംഭവത്തിൽ ഇടുക്കി ഡിസിസി കർശന നടപടി സ്വീകരിച്ചു. പാർട്ടി അച്ചടക്കം ലംഘിച്ച് സംഘടന വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന് ആരോപിച്ചാണ് നാല് നേതാക്കളെ പദവികളിൽ നിന്ന് നീക്കം ചെയ്തത്.

ഡിസിസി ജനറൽ സെക്രട്ടറി വി. ഇ താജുദ്ദീൻ, വെസ്റ്റ് മണ്ഡലം പ്രസിഡന്റ് സുരേഷ് ബാബു, കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ജോയ് മൈലാടി, തൊടുപുഴ ബ്ലോക്ക് സെക്രട്ടറി റോബിൻ മൈലാടി എന്നിവർക്കെതിരെയാണ് നടപടി ഉണ്ടായത്. ഇടുക്കി ഡിസിസി പ്രസിഡന്റ് സി. പി. മാത്യുവാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

ഹൈക്കമാൻഡ് നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി പരസ്യമായി പ്രകടനം സംഘടിപ്പിച്ചത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് നേതൃത്വം വിലയിരുത്തുന്നു. വരും ദിവസങ്ങളിലും ഇത്തരം അച്ചടക്ക ലംഘനങ്ങൾക്കെതിരെ കർശന നിലപാട് സ്വീകരിക്കുമെന്ന് ഡിസിസി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന തലത്തിൽ പാർട്ടിയിൽ ഭിന്നതകൾ നിലനിൽക്കെ, ഇടുക്കിയിലെ ഈ നടപടി രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.

Photo and News Source: Asianet News