കോഴിക്കോട് ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കോൺഗ്രസിനുള്ളിൽ കടുത്ത മത്സരം തുടരുന്നു. നിലവിലെ പ്രസിഡന്റ് പ്രവീൺ കുമാർ കൊയിലാണ്ടി മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകൾ സജീവമായത്. ജില്ലയിലെ പ്രമുഖ നേതാക്കൾ പലരും ഈ പദവി ലക്ഷ്യമിട്ട് ഇതിനകം തന്നെ ചരടുവലികൾ ആരംഭിച്ചു കഴിഞ്ഞു.
കെപിസിസി ജനറൽ സെക്രട്ടറി പി.എം. നിയാസ്, മീഡിയ സെൽ അംഗം നിജേഷ് അരവിന്ദ്, രാഷ്ട്രീയകാര്യ സമിതി അംഗം എൻ. സുബ്രഹ്മണ്യൻ, ഡിസിസി വൈസ് പ്രസിഡന്റ് പി.പി. നൗഷീർ എന്നിവരാണ് പ്രസിഡന്റ് സ്ഥാനത്തിനായി രംഗത്തുള്ള പ്രധാന നേതാക്കൾ. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പിന്തുണയാണ് പി.എം. നിയാസിന്റെ പ്രധാന കരുത്ത്. എന്നാൽ, കോർപ്പറേഷൻ തിരഞ്ഞെടുപ്പിലെ പരാജയത്തെത്തുടർന്നുണ്ടായ വിവാദങ്ങളും അദ്ദേഹത്തിനെതിരെയുള്ള എതിർപ്പുകളും സ്ഥാനലബ്ധിക്ക് തടസ്സമായേക്കാം.
മറുഭാഗത്ത്, നിജേഷ് അരവിന്ദിന് സീറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട പരാതികൾ നിലനിൽക്കുന്നതിനാൽ, അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ച് പ്രശ്നം പരിഹരിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായ എൻ. സുബ്രഹ്മണ്യനും ശക്തമായ അവകാശവാദവുമായി രംഗത്തുണ്ട്. മുതിർന്ന നേതാക്കൾ തന്നെ പദവിക്ക് വേണ്ടി മത്സരിക്കുമ്പോൾ, ആരെ തിരഞ്ഞെടുക്കുമെന്നത് കോൺഗ്രസ് നേതൃത്വത്തിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ്.
Photo and News Source: Kairali News









