ആലപ്പുഴ നഗരത്തിൽ കെ.സി. വേണുഗോപാൽ എം.പി.ക്കെതിരേ വ്യാപകമായി ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഡി.സി.സി. ഓഫീസിനു സമീപം ഉൾപ്പെടെ നഗരത്തിലെ അഞ്ചിടങ്ങളിലാണ് പ്രതിഷേധ സൂചകമായി ബാനറുകൾ ഉയർന്നത്. 'ആലപ്പുഴയിൽ ഉപതിരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക' എന്ന സന്ദേശമാണ് ഈ ഫ്ലെക്സുകളിൽ ഉണ്ടായിരുന്നത്. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ സജീവമാകുന്നതിനിടെയാണ് കെ.സി. വേണുഗോപാലിന്റെ സ്വന്തം തട്ടകത്തിൽ ഇത്തരമൊരു പ്രതിഷേധം അരങ്ങേറിയത്.

വിഷയം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കെ.സി. വേണുഗോപാലിനെ അനുകൂലിക്കുന്ന പ്രവർത്തകർ സ്ഥലത്തെത്തി പ്രതിഷേധം രേഖപ്പെടുത്തി. ഡി.സി.സി. ഓഫീസിനു സമീപം സ്ഥാപിച്ചിരുന്ന ഫ്ലെക്സ് ഇവർ വലിച്ചുകീറി നശിപ്പിച്ചു. മരണം വരെ കെ.സി. വേണുഗോപാൽ മാത്രമാണ് തങ്ങളുടെ നേതാവെന്നും, ഇത്തരം നീക്കങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ലെന്നും പ്രവർത്തകർ വ്യക്തമാക്കി. എസ്.ഡി.വി. സ്കൂൾ, കല്ലുപാലം, വൈ.എം.സി.എ., കൊമ്മാടി തുടങ്ങിയ പ്രധാന സ്ഥലങ്ങളിലും സമാനമായ രീതിയിൽ പ്രതിഷേധ ബാനറുകൾ ഉയർന്നിരുന്നു.

'കെ.സി.യെ എം.പി.യാക്കിയത് മുഖ്യമന്ത്രിയാക്കാനല്ല', 'ആലപ്പുഴയിൽ തോമസിനെ ജയിപ്പിച്ചത് രാജിവെപ്പിക്കാനല്ല', 'അതിമോഹം ആപത്ത്' തുടങ്ങിയ രൂക്ഷമായ വിമർശനങ്ങളാണ് ഫ്ലെക്സുകളിൽ ഉണ്ടായിരുന്നത്. നേരത്തേ, ഡി.സി.സി. ഓഫീസിനു മുന്നിൽ കെ.സി. വേണുഗോപാലിനെ പ്രകീർത്തിച്ചുകൊണ്ട് 'നയിച്ചവൻ നായകൻ' എന്ന തലക്കെട്ടിൽ വലിയ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ എതിർപ്പും ഉയർന്നിരിക്കുന്നത്. പാർട്ടിയിലെ ആഭ്യന്തര വിഷയങ്ങൾ തെരുവിലേക്ക് എത്തിയത് കോൺഗ്രസ് നേതൃത്വത്തെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

Photo and News Source: Mathrubhumi