ശ്രീനഗറിൽ, നിരോധിത സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ ബന്ധമുള്ള 58 സ്‌കൂളുകളുടെ ഭരണം ജമ്മു കശ്മീർ സർക്കാർ ഏറ്റെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശാനുസരണം വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഇന്റലിജൻസ് ഏജൻസികളുടെ റിപ്പോർട്ടിൽ ഈ സ്‌കൂളുകൾക്ക് സംഘടനയുമായി ബന്ധമുണ്ടെന്നും മാനേജിംഗ് കമ്മിറ്റികളിലെ ചില അംഗങ്ങൾ വിഘടനവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായും കണ്ടെത്തി.

സ്കൂളുകളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും പശ്ചാത്തല പരിശോധന നടത്തുമെന്ന് സർക്കാർ വ്യക്തമാക്കി. വിഘടനവാദ പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് കണ്ടെത്തുന്നവർക്ക് ജോലി നഷ്ടപ്പെടുമെന്നും അറിയിച്ചു. നിലവിൽ ഡെപ്യൂട്ടി കമ്മീഷണർമാർ സ്‌കൂളുകളുടെ ചുമതല വഹിക്കുന്നു. പരിശോധന കഴിഞ്ഞ് പ്രാദേശികമായി വ്യക്തിശുദ്ധിയുള്ളവരെ ഉൾപ്പെടുത്തി പുതിയ മാനേജിംഗ് കമ്മിറ്റികൾ രൂപീകരിക്കാൻ കളക്ടർമാർക്ക് നിർദ്ദേശം നൽകി.

പുതിയ അധ്യയന വർഷം ആരംഭിക്കുന്ന ഘട്ടത്തിലാണ് ഈ നടപടി. വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കാതെ സുഗമമായി നടപ്പിലാക്കുമെന്ന് ഉറപ്പിച്ചു. 1967-ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം ജമാഅത്തെ ഇസ്ലാമി 2019-ൽത്തന്നെ നിരോധിത സംഘടനയായി പ്രഖ്യാപിച്ചിരുന്നു.

Photo and News Source: Janam TV