തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ വിജയത്തെ തുടർന്ന് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള എം.എൽ.എ.മാരുടെ നിരണ്ണായക യോഗം ഇന്ന് (തിങ്കളാഴ്ച) രാവിലെ 10.30-ന് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിൽ ചേരും. ഈ യോഗത്തിൽ എ.ഐ.സി.സി നിരീക്ഷകരായി മുകുൾ വാസ്നിക്, അജയ് മാക്കൻ എന്നിവർ പങ്കെടുക്കും. ഇന്നലെ (ഞായറാഴ്ച) തലസ്ഥാനത്തെത്തിയ നിരീക്ഷക സംഘം ഇന്ദിരാഭവനിൽ എത്തി മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണിയുമായും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുന്‍ഷിയുമായും കൂടിക്കാഴ്ച നടത്തി.
യോഗത്തിൽ പങ്കെടുക്കുന്ന നേതാക്കളിൽ നിന്നും നിരീക്ഷകർ ഒറ്റക്കൊറ്റക്കായി അഭിപ്രായം തേടും. മുഖ്യമന്ത്രിസ്ഥാനത്തേക്ക് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവരുടെ പേരുകൾ ചർച്ചയിലാണ്. എം.എൽ.എ.മാരുടെ പിന്തുണ ആര് എവിടെയാണെന്ന് അറിയാനാണ് നിരീക്ഷകരുടെ പ്രധാന ലക്ഷ്യം. കെ.പി.സി.സി മുൻ അധ്യക്ഷന്മാരുടെയും രാഷ്ട്രീയ കാര്യ സമിതി അംഗങ്ങളുടെയും ഘടകകക്ഷി നേതാക്കളുടെയും അഭിപ്രായവും ഇവർ ശ്രദ്ധിക്കും. ഇതിനുശേഷം ഹൈക്കമാൻഡിന് അന്തിമ റിപ്പോർട്ട് നല്കും.
നിരീക്ഷകരുടെ കൂടിക്കാഴ്ചയ്ക്കായി പല മുതിർന്ന നേതാക്കളും തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്യുകയാണ്. ആദ്യമായി എം.എൽ.എ.മാരാകുന്ന പലരും നിരീക്ഷകരോട് എന്ത് പറയണമെന്ന ആശയക്കുഴപ്പത്തിലാണ്. നിയമസഭാ കക്ഷിയിലെ ഭൂരിപക്ഷം പരിഗണിക്കണമെന്ന നിലപാടിലാണ് കെ.സി. വേണുഗോപാൽ പക്ഷം. ഭൂരിപക്ഷം എം.എൽ.എ.മാരുടെയും പിന്തുണ തങ്ങൾക്കുണ്ടെന്നാണ് ഇവർ വാദിക്കുന്നത്. കൂട്ടമായി ചോദിച്ചാല് എം.എൽ.എ.മാർ കെ.സിക്ക് അനുകൂലമായാണ് പ്രതികരിക്കുകയെന്നതിനാൽ ഒറ്റക്കൊറ്റക്കുള്ള കൂടിക്കാഴ്ചയ്ക്ക് പ്രാധാന്യം നൽകുന്നു.
വി.ഡി. സതീശന്റെ പക്ഷക്കാർ ഒറ്റക്കൊറ്റക്കുള്ള കൂടിക്കാഴ്ചയിൽ കെ.സി. വേണുഗോപാലിനെ പിന്തുണച്ചിരുന്ന പലരും തങ്ങളുടെ പേര് പറയുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെയെങ്കിൽ വി.ഡി. സതീശനെ പിന്തുണക്കുന്ന എം.എൽ.എ.മാരുടെ എണ്ണം 30-ലേക്ക് എത്തിയേക്കാമെന്നാണ് കണക്കുകൂട്ടൽ. കൂടാതെ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുന്‍ഷിയെ പങ്കെടുപ്പിക്കരുത് എന്ന നിര്‍ദ്ദേശവും വി.ഡി. സതീശൻ പക്ഷം മുന്നോട്ടുവെക്കുന്നു. സാഹചര്യം കെ.സി. വേണുഗോപാലിന് അനുകൂലമാക്കാനുള്ള നീക്കം ദീപാദാസ് മുന്‍ഷി നടത്തുമെന്ന ആരോപണവുമുണ്ട്.
Photo and News Source: Siraj Live








