തിരുവനന്തപുരം | പ്രതിപക്ഷ നേതാവ് ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം സി.പി.എമ്മിനാണെന്ന് പ്രതിപക്ഷത്തിന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. ഇക്കാര്യത്തിൽ സി.പി.ഐ. ഇടപെടാൻ താത്പര്യമില്ലെന്നും മാധ്യമങ്ങളുടെ ചില പ്രചാരണങ്ങൾ തെറ്റാണെന്നും അദ്ദേഹം എഫ്.ബി. കുറിപ്പിലൂടെ സ്പഷ്ടമാക്കി. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പുതിയ മുഖത്തെ കൊണ്ടുവരണമെന്ന് സി.പി.ഐ. നേതാവും എം.പിയുമായ പി. സന്തോഷ് കുമാർ ആവശ്യപ്പെട്ടിരുന്നു. ഇത് തള്ളിക്കൊണ്ടാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽ.ഡി.എഫിന് നേരിടേണ്ടി വന്നത് ലജ്ജാകരമായ പരാജയമാണെന്നും പാർട്ടിയെ ഇനി മുന്നോട്ടു നയിക്കേണ്ടത് പുതുമുഖങ്ങളായിരിക്കണമെന്നുമായിരുന്നു സന്തോഷ് കുമാറിന്റെ പ്രസ്താവന. പ്രതിപക്ഷ നേതാവായി പിണറായിക്ക് പകരം പുതുമുഖം വരണമെന്നും അദ്ദേഹം ഐ.എ.എൻ.എസ്. ന്യൂസ് ഏജൻസിക്ക് നല്കിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു. കാരണങ്ങളെന്തായാലും തിരഞ്ഞെടുപ്പ് ഫലം അംഗീകരിച്ചേ മതിയാകൂ. അപമാനകരവും ലജ്ജാകരവുമായ തോൽവിയാണ് ഉണ്ടായിരിക്കുന്നത്. തോൽവിക്ക് പിന്നിൽ നിരവധി ഘടകങ്ങളുണ്ട്. സർക്കാരിന്റെ പ്രകടനം മികച്ചതായിരുന്നു. എന്നാൽ അതിനപ്പുറത്തേക്ക് പല പ്രശ്നങ്ങളും വേണ്ട രീതിയിൽ മനസ്സിലാക്കാന് കഴിഞ്ഞില്ല. എൽ.ഡി.എഫ്. ഈ കാര്യങ്ങളെല്ലാം ഗൗരവത്തോടെ ചർച്ച ചെയ്യുമെന്നും സന്തോഷ് കുമാർ കൂട്ടിച്ചേർത്തു.
Photo and News Source: Siraj Live









