കൊൽക്കത്ത: പശ്ചിമ ബംഗാളിലെ വൻ തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന്, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം, എംഎൽഎ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന മനോജ് തിവാരി, തൃണമൂൽ കോൺഗ്രസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയിട്ടുണ്ട്. ഹൗറയിലെ ശിബ്പുർ മണ്ഡലത്തിൽ നിന്നുള്ള സിറ്റിങ് എംഎൽഎ ആയിരുന്ന അദ്ദേഹം, വീണ്ടും മത്സരിക്കുന്നതിന് തൃണമൂൽ കോൺഗ്രസ് അഞ്ച് കോടി രൂപ ആവശ്യപ്പെട്ടതായും, താൻ പണം നൽകാൻ വിസമ്മതിച്ചതോടെ ടിക്കറ്റ് നിഷേധിച്ചതായും ആരോപിക്കുന്നു. മമതാ ബാനർജി സർക്കാരിൽ കായിക സഹമന്ത്രിയായും പ്രവർത്തിച്ചിട്ടുള്ള മനോജ്, തൃണമൂലിന്റെ തന്റെ ചാപ്റ്റർ അവസാനിച്ചതായി പ്രസ്താവിച്ചു.
‘നോക്കൂ, ഈ നാടകീയമായ പരാജയത്തിൽ എനിക്ക് ഒട്ടും അതിശയമില്ല. ഒരു പാർട്ടി മുഴുവനായും അഴിമതിയിൽ മുഴുകുകയും, ഒരു മേഖലയിലും വികസനം നടക്കാതിരിക്കുകയും ചെയ്യുമ്പോൾ ഇത് സംഭവിക്കും’ എന്ന് മനോജ് തിവാരി പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‘കൂടുതൽ പണം നൽകുന്നവർക്ക് മാത്രമേ മത്സരിക്കാൻ സീറ്റ് നൽകിയിരുന്നുള്ളൂ. ഏകദേശം 70-72 സ്ഥാനാർത്ഥികൾ ടിക്കറ്റ് കിട്ടാൻ അഞ്ച് കോടി രൂപയോളം നൽകി. എന്നോടും ചോദിച്ചിരുന്നു, പക്ഷേ ഞാൻ പണം നൽകാൻ വിസമ്മതിച്ചു. പണം നൽകിയവരിൽ എത്രപേർ വിജയിച്ചുവെന്ന് പരിശോധിക്കുക’ എന്നും അദ്ദേഹം പറഞ്ഞു.
തന്നെ സംബന്ധിച്ചിടത്തോളം ആ അധ്യായം അടഞ്ഞുവെന്നും മനോജ് തിവാരി കൂട്ടിച്ചേർത്തു. 2019-ൽ തൃണമൂൽ ലോക്‌സഭാ ടിക്കറ്റ് വാഗ്ദാനം ചെയ്തപ്പോൾ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ തനിക്ക് ഉദ്ദേശ്യമില്ലായിരുന്നു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ശിബ്പുരിൽ നിന്ന് മത്സരിക്കുകയും വിജയിക്കുകയും ചെയ്തതോടെയാണ് താൻ രാഷ്ട്രീയത്തിലിറങ്ങിയത്. ‘അന്ന് ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിനായി കളിക്കുകയും രഞ്ജി ട്രോഫിയിൽ സജീവവുമായിരുന്നു. അപ്പോഴാണ് ദീദി എന്നോട് ലോക്‌സഭയിലേക്ക് മത്സരിക്കാൻ ആവശ്യപ്പെട്ടത്. ഞാൻ വിനയത്തോടെ നിരസിച്ചു, പക്ഷേ 2021-ലെ തിരഞ്ഞെടുപ്പിന് മുമ്പ്, ദീദി വീണ്ടെ വിളിച്ച്, ‘മനോജ്, നിനക്കൊരു സന്ദേശമുണ്ട്, അത് അരൂപ് നിനക്ക് പറഞ്ഞുതരും’ എന്ന് പറഞ്ഞു. ശിബ്പുരിൽ നിന്ന് മത്സരിക്കാൻ ആവശ്യപ്പെട്ടു. എനിക്ക് മാറ്റം കൊണ്ടുവരാൻ കഴിയുമെന്ന് ഞാൻ കരുതി. വികസന പ്രവർത്തനങ്ങൾക്കായി സ്വന്തം പണമെടുത്തു’ എന്നും അദ്ദേഹം വിശദീകരിച്ചു.
Photo and News Source: Media Mangalam










