കാൻബെറ: സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരസംഘടനയുടെ കുടുംബാംഗങ്ങൾ മാതൃരാജ്യമായ ഓസ്ട്രേലിയയിലേക്ക് മടങ്ങാൻ തയ്യാറെടുപ്പുകൾ നടത്തുന്നു. നാല് സ്ത്രീകളും ഒൻപത് കുട്ടികളുമടങ്ങുന്ന 13 അംഗ സംഘമാണ് മടങ്ങാനൊരുങ്ങുന്നത്. ഇവർ 34 ഓളം പേരടങ്ങുന്ന വലിയ സംഘത്തിന്റെ ഭാഗമായിരിക്കാം എന്നാണ് ഓസ്ട്രേലിയൻ ഭരണകൂടത്തിന്റെ കണക്കുകൾ. എന്നാൽ ഓസ്ട്രേലിയൻ സർക്കാർ ഇവരെ സ്വീകരിക്കാൻ തയ്യാറല്ല. സിറിയയിലെ ക്യാമ്പുകളിൽ വർഷങ്ങളോളം കഴിഞ്ഞ ഇവർക്ക് സഹായം നൽകില്ലെന്ന് ഓസ്ട്രേലിയൻ ആഭ്യന്തര മന്ത്രി ടോണി ബുർക്കി വ്യക്തമാക്കി.
വർഷങ്ങളോളം സിറിയയിലെ ക്യാമ്പുകളിൽ കഴിയുന്ന ഇവർ ഭീകരസംഘടനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ പോലും അപകടകരമായ പ്രവർത്തനങ്ങളിലേക്ക് നയിച്ചവരാണിവർ. ഇവരിൽ ആരെങ്കിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ നിയമത്തിന്റെ മുഴുവൻ ശക്തിയും നേരിടേണ്ടിവരുമെന്നും ടോണി ബുർക്കി മാധ്യമങ്ങളോട് പറഞ്ഞു. ടിക്കറ്റ് ബുക്ക് ചെയ്ത ഉടൻതന്നെ തങ്ങൾക്ക് വിവരം ലഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. മാതൃരാജ്യത്തേക്ക് മടങ്ങിവരുന്ന പൗരരെ തടയുന്നതിൽ സർക്കാരിന് പരിമിതികളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിറിയയിൽ നിന്നുള്ള സംഘം ഓസ്ട്രേലിയയിൽ എത്തിച്ചേരുന്ന പക്ഷം ചിലരെ അറസ്റ്റ് ചെയ്യുമെന്ന് ഓസ്ട്രേലിയൻ ഫെഡറൽ പോലീസ് കമ്മീഷണർ ക്രിസ്സി ബാരറ്റ് അറിയിച്ചു. എന്നാൽ എത്ര പേരെ അറസ്റ്റുചെയ്യുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഈ വർഷം ഫെബ്രുവരിയിൽ സംഘം സിറിയയിലെ ക്യാമ്പ് വിട്ടെങ്കിലും ഓസ്ട്രേലിയൻ ഭരണകൂടം സ്വീകരിക്കാൻ വിസമ്മതിച്ചതോടെ തിരികെ ക്യാമ്പിലേക്ക് മടങ്ങുകയായിരുന്നു.
2014 മുതൽ ഓസ്ട്രേലിയൻ ഭരണകൂടം ഐഎസ് ക്യാമ്പുകളിൽ നിന്നുള്ളവരെ പുനരധിവസിപ്പിക്കാനുള്ള ദീർഘകാല പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. സംഘാംഗങ്ങളിൽ ആരെങ്കിലും ഭീകരവാദ പ്രവർത്തനങ്ങളിലോ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളിലോ ഏർപ്പെട്ടിട്ടുണ്ടോ എന്നതിനുള്ള തെളിവുകൾ ശേഖരിക്കാനായി വർഷങ്ങളായി അന്വേഷണം നടക്കുന്നതായാണ് ഭരണകൂടം വ്യക്തമാക്കുന്നത്. ബിബിസിയുടെ റിപ്പോർട്ട് പ്രകാരം, 34 അംഗ സംഘത്തിൽ 23 ഉം കുട്ടികളാണ്. ഇവർ 2019 മുതൽ വടക്കൻ സിറിയയിലെ അൽ-റോജ് ക്യാമ്പിലാണ് കഴിഞ്ഞുവരുന്നത്.
ഫ്രാൻസ്, നെതർലൻഡ്സ്, യുകെ തുടങ്ങിയ രാജ്യങ്ങളും സിറിയയിൽ തുടരുന്ന പൗരന്മാരെ സ്വീകരിക്കാൻ വിസമ്മതം അറിയിച്ചിട്ടുണ്ട്. ഓസ്ട്രേലിയൻ ഭരണകൂടം ഈ സംഘത്തെ സ്വീകരിക്കാൻ തയ്യാറല്ലെന്നും അവരെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ തയ്യാറാക്കിയിട്ടുണ്ടെന്നും വ്യക്തമാകുന്നു.
Photo and News Source: Newsthen










