ഗുജറാത്തിലെ വാഡിനാറിൽ കൊച്ചി ഷിപ്പ്‌യാർഡ് കേന്ദ്രമായുള്ള 1570 കോടി രൂപ മൂല്യമുള്ള ഒരു അത്യാധുനിക കപ്പൽ അറ്റകുറ്റപ്പണിശാല സ്ഥാപിക്കാനുള്ള പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമതി നൽകിയിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനമായ കൊച്ചി ഷിപ്പ്‌യാർഡും ദീൻ ദയാൽ പോർട്ട് അതോറിറ്റിയും ചേർന്നാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
650 കോടി രൂപ ചെലവിൽ ദീൻ ദയാൽ പോർട്ട് അതോറിറ്റി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമ്പോൾ, 920 കോടി രൂപ ചെലവിൽ കൊച്ചി ഷിപ്പ്‌യാർഡ് കപ്പൽ അറ്റകുറ്റപ്പണിശാല നിർമ്മിക്കും. 300 മീറ്റർ വരെ നീളമുള്ള കപ്പലുകളുടെ അറ്റകുറ്റപ്പണികൾ ഇവിടെ നടത്താൻ സാധിക്കും. നിലവിൽ വലിയ കപ്പലുകളുടെ അറ്റകുറ്റപ്പണികൾ വിദേശ കപ്പലശാലകളെയാണ് ഇന്ത്യ ആശ്രയിക്കുന്നത്. ഈ പദ്ധതി പൂർത്തിയാകുന്നതോടെ വിദേശ ആശ്രയം ഒഴിവാക്കി സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.
36 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുമെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. വാഡിനാറിന്റെ ആഴം വലിയ കപ്പലുകൾക്ക് അടുക്കാൻ അനുയോജ്യമാണ്. മുന്ദ്ര, കാണ്ട്‌ല തുടങ്ങിയ പ്രധാന തുറമുഖങ്ങൾ അടുത്തായതിനാൽ വിദേശ കപ്പലുകളെ ആകർഷിക്കാനും സാധിക്കുമെന്ന പ്രതീക്ഷയുണ്ട്. ഈ പദ്ധതി മൂലം 290 പേർക്ക് നേരിട്ടും 1100 പേർക്ക് പരോക്ഷമായും തൊഴിലവസരങ്ങൾ ലഭിക്കുമെന്ന് കണക്കാക്കപ്പെടുന്നു.
Photo and News Source: Samakalika Malayalam








